Districts

വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ പാര്‍ട്ടിക്ക് പരാജയം

കല്‍പ്പറ്റ: ഐക്യ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ വീടിരിക്കുന്ന കല്‍പ്പറ്റ നഗരസഭയിലെരണ്ടാം വാര്‍ഡായ പുളിയാര്‍മലയില്‍ സിപിഐ സ്ഥാനാര്‍ഥി വിജയിച്ചു. കല്‍പ്പറ്റ പഞ്ചായത്ത് രൂപീകരിച്ച കാലംമുതല്‍ നിലനിന്നതും വീരേന്ദ്രകുമാറിനൊപ്പമുള്ള ജനതാദള്‍ സ്ഥാനാര്‍ഥി സ്ഥിരമായി വിജയിക്കുന്നതുമായ വാര്‍ഡില്‍ ഇതാദ്യമായാണ് എതിര്‍പക്ഷത്തുനിന്നൊരാള്‍ ജയിച്ചുകയറുന്നത്. സിപിഐ വയനാട് ജില്ലാ കൗണ്‍സില്‍ അംഗവും ആദിവാസി മഹാസഭ ജില്ലാ പ്രസിഡന്റുമായ ടി മണിയാണ് ഇവിടെ വിജയിച്ചത്. ജനറല്‍ വാര്‍ഡായ ഇവിടെ ജനതാദളിലെ സിറ്റിങ് കൗണ്‍സിലറും അഡ്വക്കറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ പ്രകാശിനെ രണ്ട് വോട്ടുകള്‍ക്കാണ് പട്ടികവര്‍ഗത്തില്‍പ്പെട്ട മണി പരാജയപ്പെടുത്തിയത്. ജനതാദള്‍ സംസ്ഥാന പ്രസിഡന്റും മകനും എംഎല്‍എയുമായ എം വി ശ്രേയാംസ്‌കുമാറും നേരിട്ട് ഇറങ്ങി ഈ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. പണവും സ്വാധീനവും മറികടന്നാണ് ടി മണി വിജയിച്ചത്. പുളിയാര്‍മല വാര്‍ഡിനോട് ചേര്‍ന്ന് കിടക്കുന്ന കൈനാട്ടി, സിവില്‍സ്റ്റേഷന്‍ വാര്‍ഡുകളിലും ജനതാദള്‍(യു) സ്ഥാനാര്‍ഥികള്‍ പരാജയമറിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷവും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ വൈസ് ചെയര്‍പഴ്‌സണായിരുന്ന ജനതാദളിലെ കെ കെ വല്‍സലയെ സിപിഐ സ്വതന്ത്ര അജി ബഷീറാണ് പരാജയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it