Flash News

വീരേന്ദ്രകുമാറിന്റെ മനസ്സ് മാറ്റിയത് മകന്റെ തോല്‍വി

പി സി അബ്ദുല്ല

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ്‌കുമാര്‍ കല്‍പറ്റയില്‍ നേരിട്ട കനത്ത തോല്‍വിയാണ് യഥാര്‍ഥത്തില്‍ എംപി വീരേന്ദ്രകുമാറിനെ യുഡിഎഫില്‍ നിന്ന് മനസ്സുകൊണ്ട് അകറ്റിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തന്റെ പരാജയം വീരേന്ദ്രകുമാറിന് നാണക്കേടായെങ്കിലും ആഘാതമായിരുന്നില്ല. എന്നാല്‍, തന്റെയും യുഡിഎഫിന്റെയും ഉറച്ച തട്ടകമായ കല്‍പ്പറ്റയില്‍ 20,000ത്തിലേറെ വോട്ടുകള്‍ക്ക് മകന്റെ പരാജയം വീരേന്ദ്രകുമാറിന് വല്യ തിരിച്ചടിയായി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ അഞ്ചു സ്ഥാനാര്‍ഥികളും തോറ്റെങ്കിലും അതൊന്നും ശ്രേയാംസിന്റെ പരാജയത്തെ സമാധാനിപ്പിക്കുന്നതായിരുന്നില്ല. 2011ല്‍ വലിയ ഭൂരിപക്ഷത്തിന് കല്‍പറ്റയില്‍ വിജയിച്ച ശ്രേയാംസ് അത്രയും വോട്ടുകള്‍ക്ക് തോറ്റത് മകന്റെ ഭാവിയെക്കുറിച്ചുള്ള വീരേന്ദ്രകുമാറിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ വീഴ്ത്തി. കൃഷ്ണഗിരിയിലെ വിവാദ ഭൂമി, വയനാട് മെഡിക്കല്‍ കോളജ് ഭൂമി വിവാദങ്ങളില്‍ സിപിഎമ്മിന്റെ വേട്ടയാടലുകളില്‍ ഉറച്ച യുഡിഎഫ് പിന്തുണയാണ് വീരനും ശ്രേയാംസിനും കരുത്തായത്. എന്നാ ല്‍, യുഡിഎഫും കൈവിട്ടുവെന്ന കൃത്യമായ സന്ദേശമാണ് കഴിഞ്ഞ നിയമസഭാ ഫലം വീരന് സമ്മാനിച്ചത്.
ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കെ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ് വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണി വിടുന്നത്. കോഴിക്കോട് സീറ്റ് ഇടതുമുന്നണി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മുന്നണിമാറ്റം. തുടര്‍ന്ന് സോഷ്യലിസ്റ്റ് ജനത എന്നു പേരുമാറി.
2014ല്‍ ജെഡിയുവില്‍ ലയിച്ചു. ഇടതുമുന്നണിയിലേക്കുള്ള തീരുമാനം ഏകകണ്ഠമാണെന്നാണു വിശദീകരണം. എന്നാല്‍, പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ വടകരയിലും വയനാട്ടിലും അണികള്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്നു കണ്ടറിയണം. മുന്നണി മാറ്റം ശക്തമായി എതിര്‍ത്തത് മനയത്ത് ചന്ദ്രന്‍ പ്രസിഡന്റായ കോഴിക്കോട് ജില്ലാ കമ്മിറ്റിയായിരുന്നു. ചന്ദ്രനും അണികളും ഇടതുമുന്നണിയിലേക്കുള്ള തിരിച്ചുപോക്ക് മാനസികമായി അംഗീകരിക്കുന്നില്ല. ശ്രേയാംസ് കുമാറിന്റെ ഭാവി മാത്രമാണ് വീരേന്ദ്രകുമാര്‍ മുന്നണി മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഒരുവിഭാഗം നേതാക്കളും രഹസ്യമായി പങ്കുവയ്ക്കുന്ന വികാരം.
ജനതാദളിന്റെ മുന്നണിമാറ്റം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും. ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ ജനതാദളിന്റെ മുന്നണി പ്രവേശനവും 2008ല്‍ രൂപീകരിച്ച ആര്‍എംപിയുടെ ഇഫക്റ്റുമാണ് 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രന് വന്‍വിജയം നേടാന്‍ സഹായിച്ചത്. 2014ലെ തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ജനതാദള്‍ മുന്നണി വിടുന്നതോടെ വടകര മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയസാധ്യതകള്‍ പരുങ്ങലിലാവും.
Next Story

RELATED STORIES

Share it