വീരേന്ദ്രകുമാറിനെതിരേ ജെഡിയു യോഗത്തില്‍ രൂക്ഷ വിമര്‍ശനം

കോഴിക്കോട്: ഇന്നലെ ചേര്‍ന്ന ജെഡിയു സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിനെതിരേ രൂക്ഷ വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നടന്ന യോഗത്തില്‍ ഉയര്‍ന്നുവന്ന മുന്നണി മാറണമെന്ന ആവശ്യം പ്രസിഡന്റ് തള്ളിയതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നും വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍ അടക്കം പാര്‍ട്ടി മല്‍സരിച്ച ഏഴു സീറ്റിലും പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസ്സും ലീഗും ഉള്‍പ്പെടെ യുഡിഎഫ് ഘടക കക്ഷികള്‍ കാലുവാരിയതാണെന്നും ആരോപിച്ചാണ് ഒരു വിഭാഗം വീരേന്ദ്രകുമാറിനെതിരേ തിരിഞ്ഞത്.
രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് എം പി വീരേന്ദ്രകുമാര്‍, ഷേഖ് പി ഹാരിസ്, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. കോണ്‍ഗ്രസ്സിനും മുസ്‌ലിംലീഗിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇരുപാര്‍ട്ടികളുടെയും അണികളെ നേതൃത്വം പറഞ്ഞിടത്ത് കിട്ടിയില്ലെന്ന് വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. നേമത്തും അമ്പലപ്പുഴയിലും യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ചോര്‍ന്നെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. അമ്പലപ്പുഴയില്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് കാലുവാരിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷേഖ് പി ഹാരിസ് തന്നെയാണ് ആരോപണമുന്നയിച്ചത്. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്തയും കല്‍പ്പറ്റയുള്‍പ്പെടെ ജെഡിയു മല്‍സരിച്ചിടത്തെല്ലാം പരാജയത്തിന് കാരണമായതായും വിലയിരുത്തലുണ്ടായി. മുസ്‌ലിംലീഗിന്റെ വോട്ടുകള്‍ പലയിടത്തും പാര്‍ട്ടിക്ക് കിട്ടിയില്ല.
അതിനിടെ ഭാരവാഹി സ്ഥാനങ്ങളിലും ചില മാറ്റങ്ങള്‍ വരുത്താന്‍ യോഗത്തില്‍ തീരുമാനമായി. വി സുരേന്ദ്രന്‍ പിള്ളയെ സംസ്ഥാന വൈസ് പ്രസിഡന്റായും ജോസഫ് ചാവറയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ രാജി സ്വീകരിക്കുകയും വി കുഞ്ഞാലിയെ താല്‍ക്കാലിക പ്രസിഡന്റായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. മനയത്ത് ചന്ദ്രനില്‍ നിന്ന് നിര്‍ബന്ധപൂര്‍വം രാജി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് സൂചന. ചന്ദ്രന്‍ 2011ലെ തിരഞ്ഞെടുപ്പില്‍ നാണുവിന് അനുകൂലമായി ജെഡിയു സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it