വീരഭദ്ര സിങിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സിബിഐ

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിന് അനുമതി തേടി സിബിഐ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വീരഭദ്ര സിങിനെയും ഭാര്യയെയും ചോദ്യംചെയ്യുന്നതിനെ നേരത്തേ ഹൈക്കോടതി വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് സിബിഐയുടെ വാദം. സിബിഐ നല്‍കിയ രണ്ട് അപേക്ഷയിലും ഈ മാസം 26ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സിബിഐക്കുവേണ്ടി കേസില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് പട്‌വാലിയ കേസുമായി മുന്നോട്ടുപോവാനുള്ള സിബിഐയുടെ തടസ്സങ്ങള്‍ കോടതി മുമ്പാകെ അവതരിപ്പിച്ചു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിനെയും അദ്ദേഹത്തിനെതിരേ കുറ്റപ്പത്രം സമര്‍പ്പിക്കുന്നതിനെയും ഹൈക്കോ ടതി തടഞ്ഞുവെന്നും ഇക്കാരണത്താ ല്‍ കേസുമായി മുന്നോട്ടുപോവാന്‍ സിബിഐക്ക് പ്രയാസമുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിന്റെ മറവില്‍ തന്റെ വീട് റെയ്ഡ് നടത്തി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് വീരഭദ്ര സിങ് നേരത്തേ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഷിംല, ഡല്‍ഹി എന്നിവിടങ്ങളിലെ വസതികളിലടക്കം 11 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിങിന്റെ മകളുടെ വിവാഹ ദിവസമായിരുന്നു റെയ്ഡ്.

യുപിഎ സര്‍ക്കാറില്‍ ഉരുക്ക് വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ അവിഹിത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. 2009-2011 കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന വീരഭദ്ര സിങ് അവിഹിതമായി ആറു കോടിയിലേറെ രൂപ സമ്പാദിക്കുകയും ഭാര്യയുടെയും മക്കളുടെയും പേരില്‍ എല്‍ഐസി പോളിസിയായി നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സിങിനു പുറമെ ഭാര്യയും മുന്‍ എംപിയുമായ പ്രതിഭ സിങ്, മകന്‍ വിക്രമാദിത്യ സിങ്, മകള്‍ അപരാജിത, എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്‍ എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it