Kollam Local

വീണ്ടുമൊരു സുനാമിയെ താങ്ങാന്‍ കഴിയാതെ ആലപ്പാട്‌

സനൂജ് മണപ്പള്ളി

കരുനാഗപ്പള്ളി: വീണ്ടുമൊരു സുനാമി ഉണ്ടായാല്‍ അതിനെ താങ്ങാനുള്ള ശേഷി ആലപ്പാടിനുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ ഉയരുന്നു. കടല്‍ തീരത്ത് ശക്തമായ കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിക്കാതിരുന്നത് മൂലമാണ് സുനാമിയെ പ്രതിരോധിക്കാന്‍ ആലപ്പാടിന് കഴിയാതെ പോയത്. സുനാമിക്ക് ശേഷം ആലപ്പാട് കടല്‍ത്തീരത്ത് പുലിമുട്ടുകള്‍ നിര്‍മിച്ചെങ്കിലും ഇതില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു.
അശാസ്ത്രീയമായ നിര്‍മാണം കാരണം പുലിമുട്ട് പണിതീര്‍ന്ന ദിവസം മുതല്‍ തന്നെ പൊളിഞ്ഞു തുടങ്ങി. നാട്ടുകാരുടെ പരാതിയില്‍ പുലിമുട്ട് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു.
മദ്രാസ് ഐഐടി നല്‍കിയ ഡിസൈന്‍ പ്രകാരമാണ് നാലുകോടി ചെലവിട്ട് പുലിമുട്ട് നിര്‍മിച്ചത്. വലിയ കരിങ്കല്ലുകള്‍ക്ക് പകരം ചെറിയ കല്ലുകള്‍ അടുക്കി പുലിമുട്ട് നിര്‍മിച്ചതാണ് പ്രശ്‌നമായത്. ശക്തമായ തിരയടിച്ചതോടെ കല്ലുകള്‍ കടലു കൊണ്ടുപോയി. ഇരുപത് മുതല്‍ എണ്‍പത് മീറ്റര്‍ വരെ നീളമുള്ള ഏഴ് പുലിമുട്ടുകളാണ് നിര്‍മിച്ചത്. നിര്‍മാണം കഴിഞ്ഞ ദിവസം മുതല്‍ തകര്‍ച്ചയും തുടങ്ങി. ഡിസൈനില്‍ മാറ്റം വരുത്തി, നീളത്തിലും തട്ടിപ്പു നടത്തി കല്ലിന്റെ വലിപ്പത്തിലും തൂക്കത്തിലും വെട്ടിപ്പു നടന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ മാസമുണ്ടായ ഓഖി ചുഴലിക്കാറ്റില്‍ പുലിമുട്ടിന് വീണ്ടും നാശം സംഭവിച്ചിട്ടുണ്ട്.
അതേസമയം,സുനാമി ദുരന്ത ബാധിതര്‍ക്കായി ആലപ്പാട് പഞ്ചായത്തില്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും വീട് വച്ച് നല്‍കിയെങ്കിലും പലരും ഈ വീടുകള്‍ വീട്ട് വിട്ട് വീണ്ടും തീരത്തേക്ക്് പാര്‍ക്കുകയാണ്. പ്രധാനമായും കോളനികളില്‍ കുടിവെള്ളം ആവശ്യാനുസരണം എത്തിക്കുന്നതിന് പലപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൂടാതെ ഇവരെല്ലാം കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. വീട് നല്‍കിയതാകട്ടെ തീരത്ത് നിന്നും മാറിയും. ഇതാണ് പലരും ഈ വീടുകള്‍ ഒഴിഞ്ഞ് തീരത്ത് കുടിലുകള്‍ കെട്ടാന്‍ കാരണം. അനുവദിച്ച വീടുകള്‍ ചിലത് ഇവര്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it