Flash News

വീണ്ടുമൊരു 'സുകുമാരക്കുറുപ്പ്' നാസിക്കില്‍ നിന്ന്

വീണ്ടുമൊരു സുകുമാരക്കുറുപ്പ് നാസിക്കില്‍ നിന്ന്
X


നാസിക്ക്: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുന്നതിനായി സ്വന്തം മരണം സൃഷ്ടിച്ച സുകുമാരക്കുറുപ്പിനെ ഓര്‍മ്മിപ്പിക്കും വിധം നാസിക്കില്‍ നിന്നൊരു സമാന സംഭവം. രാംനാഥ് വാഗ് എന്നയാളാണ് നാല് കോടിയിലധികം വരുന്ന ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുന്നതിന് സ്വന്തം മരണം സൃഷ്ടിച്ചത്. രാംനാഥും സുഹൃത്തായ ഹോട്ടല്‍ ഉടമയും മറ്റൊരാളും ചേര്‍ന്നാണ് സംഭവം ആസൂത്രണം ചെയ്തത്. ഹോട്ടല്‍ ഉടമയുടെ ജോലിക്കാരനായ ഒരാളെ കൊലപ്പെടുത്തി മുഖം വികൃതമാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹത്തില്‍ രാംനാഥിന്റെ പേഴ്‌സും വച്ചു. അപകടമരണമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു മൃതദേഹം കിടന്നിരുന്നത്. എന്നാല്‍, അപകടമരണമായതിനാല്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിയിരുന്നു. ഇതില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുവരുന്നത്.
ഒറ്റനോട്ടത്തില്‍ അപകട മരണമാണെന്ന് കരുതിയത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് പോലീസ് രാംനാഥിന്റെ വീട്ടിലെത്തി പരിശോധിച്ചതില്‍ നിന്നാണ് സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ്യം പുറത്തുവന്നത്. ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുന്നതിനായി രാംനാഥ് നടത്തിയ നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി. കേസിലെ പ്രതികളായ ഹോട്ടല്‍ ഉടമ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ രാംനാഥ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it