വീണ്ടുമെത്തി ഐപിഎല്‍

മുംബൈ: ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ കുട്ടിക്രിക്കറ്റിലെ ആവേശ പോരാട്ടങ്ങള്‍ വീണ്ടുമെത്തുന്നു. ക്രിക്കറ്റിനെ ഗ്ലാമര്‍ തലത്തിലേക്കുയര്‍ത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് (ഐപിഎല്‍) കാണികളുടെ മനംകവരാന്‍ വീണ്ടും വിരുന്നെത്തുന്നത്. ഐപിഎല്ലിന്റെ ഒമ്പതാമത് എഡിഷനാണ് ഇത്തവണ നടക്കാന്‍ പോവുന്നത്.
ഗ്ലാമര്‍ പോരാട്ടങ്ങള്‍ക്കു പുറമേ ഒത്തുകളി ആരോപണവും മറ്റും ഐപിഎല്ലിനെ ചൂടേറിയ ചര്‍ച്ചകളിലേക്കെത്തിച്ചതിനു ശേഷമാണ് ഒമ്പതാമത് എഡിഷന് കൊടിയേറാനൊരുങ്ങുന്നത്. രണ്ട് പുതുമുഖ ടീമുകളുള്‍പ്പെടെ എട്ട് ടീമുകള്‍ ഇത്തവണ ഐപിഎല്ലില്‍ പാഡണിയും.
പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും രണ്ടു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണ ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഇരു ടീമിനും രണ്ട് വര്‍ഷം വിലക്ക് ലഭിച്ചതാണ് തിരിച്ചടിയായത്. ഇരുവര്‍ക്കും പകരം ഗുജറാത്ത് ലയണ്‍സും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും ആദ്യമായി ഐപിഎല്‍ മാമാങ്കത്തിന് ടിക്കറ്റെടുക്കുക യും ചെയ്തു.
ശനിയാഴ്ച മുംബൈയിലെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുതുമുഖ ടീമായ പൂനെ സൂപ്പര്‍ജയന്റ്‌സിനെ എതിരിടുന്നതോടെ ഐപിഎല്‍ ഒമ്പതാമത് എഡിഷന് തുടക്കമാവും.
അടുത്ത മാസം 29ന് ഉദ്ഘാടന മല്‍സരത്തിന്റെ വേദിയായ വാംഖഡെ തന്നെ കലാശപ്പോരാട്ടത്തിനും ആതിഥേയത്വം വഹിക്കും. മുംബൈ, പൂനെ എന്നിവര്‍ക്കു പുറമേ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഗുജറാത്ത് ലയണ്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ടൂര്‍ണമെന്റില്‍ കൊമ്പുകോര്‍ക്കുക.
രണ്ടു തവണ ചാംപ്യന്‍മാരായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ ടീമുകളാണ് ഐപിഎല്‍ കിരീടവേട്ടയില്‍ മുന്നി ല്‍ നില്‍ക്കുന്നവര്‍.
Next Story

RELATED STORIES

Share it