വീണ്ടും ഭരണം ലഭിച്ചാല്‍ മദ്യം നിരോധിക്കുമെന്ന് ജയലളിത

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ വീണ്ടും അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്ത് ഘട്ടങ്ങളായി മദ്യം നിരോധിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറപ്പ്. തലസ്ഥാന നഗരിയിലെ ഐസ്‌ലാന്‍ഡ് ഗ്രൗണ്ടില്‍ അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിത. ഒരു ഉത്തരവില്‍ ഒപ്പുവച്ച് മദ്യം നിരോധിക്കാന്‍ തമിഴ്‌നാട്ടില്‍ സാധ്യമല്ല. ഘട്ടങ്ങളായുള്ള നിരോധനമാണു ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കുറയ്‌ക്കേണ്ട സമയമായി. ബാറുകളും വില്‍പനശാലകളും അടച്ചൂപൂട്ടും. ഇതുമൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ജയലളിത പ്രഖ്യാപിച്ചു.
1971ല്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയാണ് സംസ്ഥാനത്ത് മദ്യനിരോധനം എടുത്തുകളഞ്ഞതെന്നും മദ്യപാനം അറിയാത്ത തലമുറയ്ക്ക് മദ്യം പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്നും ജയലളിത കുറ്റപ്പെടുത്തി. മദ്യനിരോധനത്തെക്കുറിച്ചു പറയാന്‍ കരുണാനിധിക്ക് അവകാശമില്ല. ചെന്നൈയിലും സമീപ ജില്ലകളിലും മല്‍സരിക്കുന്ന 21 അണ്ണാഡിഎംകെ സ്ഥാനാര്‍ഥികളെ അവര്‍ പരിചയപ്പെടുത്തി.
ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ജയലളിതയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു മദ്യമില്ലാത്ത ബിഹാര്‍.
Next Story

RELATED STORIES

Share it