malappuram local

വീണ്ടും ബെല്ല് മുഴങ്ങുന്നു; മങ്ങാട്ടുമുറി സ്‌കൂളില്‍ ഇന്ന് ജനകീയ പ്രവേശനോല്‍സവം

കൊണ്ടോട്ടി: ഒരു നാടിന്റെ സ്വപ്‌നസാക്ഷാല്‍ക്കാരമായ വിദ്യാലയത്തില്‍ ഇന്ന് വീണ്ടും മണിമുഴങ്ങും. പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് വിദ്യയുടെ ആദ്യാക്ഷരം നുകരാന്‍ ഇളമുറക്കാരെത്തുന്നതോടെ അടച്ചുപൂട്ടിയിരുന്ന മങ്ങാട്ടുമുറി സ്‌കൂളിന് വീണ്ടും ജീവന്‍വയ്ക്കും. വര്‍ണാഭമായ പ്രവേശനോല്‍സവമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുളിക്കല്‍ പഞ്ചായത്ത് ഒളവട്ടൂര്‍ മങ്ങാട്ടുമുറിയില്‍ രണ്ടുവര്‍ഷമായി അടച്ചുപൂട്ടിയ  സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ്് സ്‌കൂളിന് പുതിയ മുഖമൊരുക്കി നാട്ടുകാര്‍ പ്രവേശനോല്‍സവം ജനകീയമാക്കുന്നത്. 63,89,645 രൂപ മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ലാഭകരമല്ലെന്ന് ചൂണ്ടികാട്ടി മാനേജര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് 2016 ജൂണ്‍ 6ന് സ്‌കൂള്‍ പൂട്ടിയത്.
സംസ്ഥാനത്ത് മങ്ങാട്ടുമുറി ഉള്‍പ്പെടെ നാലു സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ മൂന്ന് വിദ്യാലയത്തിലും തുടര്‍പഠനം ആരംഭിച്ചെങ്കിലും മങ്ങാട്ടുമുറി സ്‌കൂളിന് സ്ഥിരം കെട്ടിടവും, അനുബന്ധ സൗകര്യവും ഒരുക്കാനായിരുന്നില്ല. തുടര്‍ന്ന് പുതിയേടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം മദ്‌റസയിലാണ് സ്‌കൂള്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നത്. സ്‌കൂളിന്റെ കെട്ടിടവും സ്ഥലവും കേരള എജ്യുക്കേഷന്‍ റൂള്‍ അനുസരിച്ച് വിലനിശ്ചയിച്ച് മാനേജരില്‍ നിന്നു ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അടച്ചുപൂട്ടിയ സ്‌കൂളിന് കെഇആര്‍ ബാധകമാവില്ലെന്നും നിലവില്‍ സ്വകാര്യവസ്തുവായ കെട്ടിടവും സ്ഥലവും ലാന്റ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുക്കണമെന്നുമുള്ള വാദവുമായി മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ വാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്ന് മാനേജര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാറിന് അനുകൂലമായിരുന്നു വിധി. സ്‌കൂള്‍ തിരിച്ചു കിട്ടയതോടെ അറ്റകുറ്റപ്പണി നടത്തി പ്രവേശനോല്‍സവം ജനകീയോല്‍സവമാക്കുകയാണ് പഞ്ചായത്തും പിടിഎയും നാട്ടുകാരും. സ്‌കൂളിന്റെ മേല്‍ക്കൂര മാറ്റി നവീകരിച്ചിട്ടുണ്ട്. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്‌കൂളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് 30 ഓളം കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. റമദാനുശേഷം സ്‌കൂള്‍ സര്‍ക്കാറിന്റെതെന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് വിദ്യാഭ്യാസ മന്ത്രിയും സ്‌കൂളിലെത്തും.
Next Story

RELATED STORIES

Share it