Flash News

വീണ്ടും ദുരഭിമാനക്കൊല: ദലിത് യുവാവിനെ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തി

കോട്ടയം: മനസ്സാക്ഷിയെ ഞെട്ടിച്ച് സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ ദലിത് യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ ജോസഫ് ജേക്കബിന്റെ മകന്‍ കെവിന്‍ പി ജോസഫി(23)ന്റെ മൃതദേഹമാണ് പുനലൂര്‍ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്. ധാരാളം ക്ഷതമേറ്റ കെവിന്റെ മൃതദേഹത്തില്‍ വലതുകണ്ണ് ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു.
കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. മൃതദേഹം വൈകീട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇന്ന് രാവിലെ 10ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവര്‍ ഒളിവിലാണ്. ഡിവൈഎഫ്‌ഐ തെന്മല യൂനിറ്റ് സെക്രട്ടറി നിയാസ്, കെവിന്റെ ഭാര്യാബന്ധുവായ ഇഷാന്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പതിമൂന്നോളം പേര്‍ പ്രതികളാകുമെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടെന്ന് പിടിയിലായ ആള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കെവിന്റെ  വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോ(20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ കോട്ടയം ഗാന്ധിനഗര്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ പോലിസ് വീഴ്ച സംബന്ധിച്ച് ഡിജിപി കൊച്ചി റേഞ്ച് ഐജിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുവിനെയും സ്റ്റേഷന്‍ ജിഡി ചാര്‍ജിലുണ്ടായിരുന്ന സണ്ണിയെയും ഐജി വിജയ് സാഖറെ സസ്‌പെന്‍ഡ് ചെയ്തു. നടപടി വൈകിച്ചതിനാണ് ശിക്ഷാനടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം എസ്പി പി എ മുഹമ്മദ് റഫീഖിനെ അന്വേഷണവിധേയമായി സ്ഥലംമാറ്റി. പോലിസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറാണ് പുതിയ കോട്ടയം എസ്പി. പ്രതികളില്‍ നിന്ന് എസ്‌ഐ പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പിയും അന്വേഷിക്കുന്നുണ്ട്.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപിഐ, സിഎസ്ഡിഎസ്, എഐവൈഎഫ് പ്രവര്‍ത്തകരും കെവിന്റെ ബന്ധുക്കളും ഇന്നലെ രാവിലെ മുതല്‍ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കള്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി. ഇന്നലെ രാവിലെ മുതല്‍ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് യുദ്ധസമാനമായ സാഹചര്യമായിരുന്നു. സംഘര്‍ഷത്തിനിടെ എസ്പി മുഹമ്മദ് റഫീഖിനു നേരെ കൈയേറ്റശ്രമമുണ്ടായി.
രമേശ് ചെന്നിത്തല കെവിന്റെ വീട് സന്ദര്‍ശിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷമാണ് ചെന്നിത്തല കോട്ടയത്തെത്തിയത്. ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെവിനെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പോലിസ് ഞായറാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത്. മേരിയാണ് കെവിന്റെ മാതാവ്. സഹോദരി: കൃപ (വിദ്യാര്‍ഥി).
Next Story

RELATED STORIES

Share it