Flash News

വീണ്ടും കൂട്ട സ്ഥലംമാറ്റം; മാറ്റപ്പെട്ടവരില്‍ വിജിലന്‍സ് ഡിവൈഎസ്പിമാരും



തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയമിച്ച സര്‍ക്കാര്‍ ഇന്നലെ ഡിവൈഎസ്പിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി. സംസ്ഥാന പോലിസ് മേധാവിയായി ടി പി സെന്‍കുമാറിനെ നിയമിക്കേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് പോലിസ് സേനയില്‍ അടിമുടി മാറ്റം കൊണ്ടുവന്നത്. ക്രൈം ബ്രാഞ്ച്, ക്രൈം റിക്കാര്‍ഡ്‌സ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, പോലിസ് അക്കാദമി, നാര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ തുടങ്ങിയ എല്ലാ വിഭാഗത്തിലെയും ഡിവൈഎസ്പിമാരെ പരസ്പരം മാറ്റിയിട്ടുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍മന്ത്രി കെ ബാബു, കെ എം മാണി തുടങ്ങിയവര്‍ക്കെതിരേയുള്ള അഴിമതിയാരോപണ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം എഡിജിപിമാരായ ടോമിന്‍ ജെ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്തും അനില്‍ കാന്തിനെ വിജിലന്‍സിലും നിയമിച്ചിരുന്നു. അനില്‍ കാന്തിനെ പോലിസ് ആസ്ഥാനത്ത് നിന്ന് മാറ്റിയാണ് വിജിലന്‍സിലെത്തിച്ചത്. ബല്‍റാം കുമാര്‍ ഉപാധ്യായയെ പോലിസ് ആസ്ഥാനത്ത് ഐജിയായും നിയമിച്ചു. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പോലിസിന്റെ അധിക ചുമതല കൂടി നല്‍കി. പോലിസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ ഷഫീന്‍ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയന്‍സ്) ആയും പോലിസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കല്‍രാജ് മഹേഷ്‌കുമാറിനെ തിരുവനന്തപുരം റെയില്‍വേ പോലിസ് എസ്പിയായും നിയമിച്ചു.തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായും കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഹരി ശങ്കറിനെ പോലിസ് ആസ്ഥാനത്തേക്കും മാറ്റി നിയമിച്ചു.
Next Story

RELATED STORIES

Share it