Flash News

വീണ്ടും കൂട്ടക്കുരുതി

ഗസാ സിറ്റി: ഗസയില്‍ കര്‍ഷകനടക്കം 15 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. ഫലസ്തീന്‍ ഭൂമി ദിനാചരണത്തിന്റെ ഭാഗമായി അധിനിവിഷ്ട മേഖലകളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളിലാണ് 14പേര്‍ കൊല്ലപ്പെട്ടത്. ഭൂമി ദിനാചരണം ആരംഭിക്കുന്നിന് മണിക്കൂറുകള്‍ക്കു മുമ്പ് ഗസയിലെ ഖാന്‍ യൂനുസിനു സമീപമുണ്ടായ ഷെല്ലാക്രമണത്തില്‍ കര്‍ഷകനായ ഉമര്‍ സമോറും കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപത്തെ കൃഷിയിടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.
അതിര്‍ത്തിയിലെ സുരക്ഷാ വേലിക്ക് സമീപം കര്‍ഷകനെയും ഒപ്പമുള്ളവരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്നാണ് ഇസ്രായേല്‍ സേന അവകാശപ്പെടുന്നത്. ഗസയുടെ അതിര്‍ത്തിപ്രദേശങ്ങള്‍ സൈനിക മേഖലയായി പ്രഖ്യാപിച്ചതായും സുരക്ഷാ വേലിക്ക് സമീപത്തെത്തുന്നവര്‍ വെടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും ഇസ്രായേല്‍ സൈന്യം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
മുഹമ്മദ് നജ്ജാര്‍ (25), അമീന്‍ മഹ്മൂദ് മുഅമ്മര്‍ (38), മുഹമ്മദ് അബു ഉമര്‍ (22), അഹ്മദ് ഔദ (19), ജിഹാദ് ഫ്രെനിഹ് (33), മഹ്മൂദ് സഅദി റഹ്മി (33), അബ്ദുല്‍ഫത്തഹ് അബ്ദുല്‍ നബി (22), ഇബ്രാഹിം അബു ഷാര്‍ (20) തുടങ്ങിയവരാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേര്‍ക്കുണ്ടായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഗസയിലെ ജബാലിയക്കു സമീപം പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പിലാണ് മുഹമ്മദ് നജ്ജാര്‍ കൊല്ലപ്പെട്ടതെന്നു ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അമീന്‍ മഹ്മൂദ മുമാരിന്‍, മുഹമ്മദ് അബു ഉമര്‍ എന്നിവര്‍ റഫയിലുണ്ടായ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ 1000ഓളം പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് അറിയിച്ചു. പരിക്കേറ്റ നിരവധി ഫലസ്തീനികള്‍ ചികില്‍സതേടി ആശുപത്രികളിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പതിനായിരക്കണക്കിനു പേരാണ് ഇന്നലെ നടന്ന ഭൂമിദിനാചരണത്തില്‍ പങ്കാളികളായത്. ഇസ്രായേലിനായുള്ള യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുന്നതിനെതിരായ ആറാഴ്ച നീളുന്ന പ്രക്ഷോഭത്തിനും ഫലസ്തീന്‍ ജനത ഇന്നലെ തുടക്കം കുറിച്ചു. മെയിലാണ് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുന്നത്. നക്ബ ദിനമായ മെയ് അഞ്ചിനാണ് പ്രക്ഷോഭം അവസാനിക്കുക.
Next Story

RELATED STORIES

Share it