wayanad local

വീണ്ടും കടുവാ ആക്രമണം : രണ്ടു ദിവസത്തിനിടെ ചത്തത് നാലു വളര്‍ത്തുമൃഗങ്ങള്‍



സുല്‍ത്താന്‍ ബത്തേരി: കടുവ വീണ്ടും വളര്‍ത്തുമൃഗത്തെ കൊന്നു. നൂല്‍പ്പുഴ വനാന്തരഗ്രാമമായ പാമ്പുകൊല്ലിയിലെ രാമചന്ദ്രന്റെ പോത്തിനെയാണ് ഇന്നലെ കടുവ കടിച്ചുകൊന്നത്. രണ്ടു ദിവസത്തിനിടെ ഇവിടെ കടുവയുടെ ആക്രമണത്തിനിരയാവുന്ന നാലാമത്തെ വളര്‍ത്തുമൃഗമാണ് ഇത്. ഇന്നലെ രാവിലെ 11ഓടെയാണ് നാലു വയസ്സുള്ള പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പാമ്പുകൊല്ലിക്കു സമീപത്തെ വയലില്‍ മേയാന്‍വിട്ട പോത്തിനെ കടുവ ആക്രമിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. മറ്റു കന്നുകാലികള്‍ ഓടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കാട്ടിലേക്ക് ഓടിമറഞ്ഞു. കഴിഞ്ഞദിവസം പ്രദേശവാസിയായ കുഞ്ഞന്റെ മൂന്ന് ആടുകളെ കടുവ വകവരുത്തിയിരുന്നു. ഈ കടുവ തന്നെയാണ് പോത്തിനെയും കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനപാലകര്‍ സ്ഥലത്തെത്തി പോത്തിനെ കൊന്നത് കടുവയാണെന്നു സ്ഥിരീകരിച്ചു. കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നതോടെ കന്നുകാലികളെ വളര്‍ത്തിയാണ് ഇവിടുത്തെ കര്‍ഷകര്‍ പിടിച്ചുനിന്നത്. ആക്രമണം തുടര്‍ച്ചയായതോടെ പാമ്പുകൊല്ലി, പുത്തൂര്‍ നിവാസികള്‍ ഭീതിയിലാണ്. പുനരധിവാസ കേന്ദ്രമായതിനാല്‍ ഇവിടേക്ക് വൈദ്യുതി പോലും എത്തിയിട്ടില്ല. ഗതാഗത സൗകര്യങ്ങളും അന്യം. പുനരധിവാസ പദ്ധതി നീണ്ടുപോവുന്നതാണ് പ്രദേശവാസികളെ തീരാദുരിതത്തിലാക്കുന്നത്. രൂക്ഷമായ വന്യമൃഗശല്യമാണ് പ്രദേശത്ത്. കുട്ടികളെ വീടിന് പുറത്തിറക്കാന്‍ പോലും ഭയമാണെന്നു കോളനിവാസികള്‍ പറയുന്നു. പുനരധിവാസം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികളും കാര്യക്ഷമമല്ല.
Next Story

RELATED STORIES

Share it