വീണാ ജോര്‍ജിന്റെ വിജയം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭ

എസ്  നിസാര്‍

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വിജയത്തില്‍ അവകാശവാദം ഉന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. സഭാധ്യക്ഷന്റെ ആഹ്വാനം ശ്രവിച്ച് കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച പത്തനംതിട്ടയിലെ യുവജനപ്രസ്ഥാനത്തിന്റെ കൂട്ടായ വിജയമാണ് ആറന്മുളയിലേതെന്ന് സഭാ പ്രസിദ്ധീകരണമായ ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വീണയെ മന്ത്രിപദത്തിലേക്കു പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ലേഖനത്തില്‍, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കൂട്ടാന്‍ കഴിയാതിരുന്നതു സഭാവിശ്വാസികള്‍ പരിശോധനാ വിഷയമാക്കേണ്ടതാണെന്നും ഓര്‍മപ്പെടുത്തുന്നുണ്ട്. ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ സഭയുടെ മകള്‍ വീണാജോര്‍ജ് ഇനി എംഎല്‍എ; യുവജന പ്രസ്ഥാനത്തിന്റെയും വിജയം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോരാട്ടത്തിന്റെ അവസാനഘട്ടങ്ങളില്‍ എതിര്‍സ്ഥാനാര്‍ഥി ഇറക്കിയ ലഘുലേഖകള്‍ക്കെതിരേ ആഞ്ഞടിക്കാന്‍ സഭയുടെ യുവജനപ്രസ്ഥാനം കാട്ടിയ സോഷ്യല്‍ മീഡിയയിലെ പ്രകടനങ്ങള്‍ സഭാ മക്കളുടെ വോട്ടിനെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുകയായിരുന്നു. അവശ്യഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ യുവജന പ്രസ്ഥാനം എന്നും സഭയോടൊപ്പമെന്ന് ഈ പ്രവര്‍ത്തനം തെളിയിക്കുന്നു. കഴിവു തെളിയിച്ച മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ വീണയെ മന്ത്രിപദത്തിലേക്കു പരിഗണിക്കും എന്നു തന്നെയാണ് കരുതുന്നത്. സഭയുടെ മറ്റ് അഞ്ചു സ്ഥാനാര്‍ഥികളുടെ തോല്‍വിയില്‍ സഭാവിശ്വാസികളുടെ സൂക്ഷ്മതക്കുറവും സഭയേക്കാളുപരിയായുള്ള രാഷ്ട്രീയ വീക്ഷണവും ഒരു കാരണമായിട്ടുണ്ട്. മാര്‍ത്തോമാ സഭയുടെ പി ജെ കുര്യന്‍, ജോസഫ് എം പുതുശ്ശേരിക്കെതിരേ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ ഒരു പരിധിവരെ സഭാവിശ്വാസികള്‍ക്ക് കഴിയുമായിരുന്നു. ഒരു നല്ല സാമാജികനെയാണ് നമുക്ക് നഷ്ടമായത്. പിറവത്ത് എം ജെ ജേക്കബിന്റെ തോല്‍വി നമ്മുടെ പരാജയമാണ്. കോട്ടയത്തെ ഭൂരിപക്ഷം നോക്കുമ്പോള്‍ അഡ്വ. റജി സക്കറിയായുടെ തോല്‍വി സഭാവിശ്വാസികളുടെ മാത്രം വീഴ്ചയായി പരിഗണിക്കാനാവില്ല. ശോഭനാ ജോര്‍ജിന്റെ വോട്ടുനില പരിശോധിക്കുമ്പോള്‍ ചെങ്ങന്നൂര്‍ മെത്രാപോലീത്തയുടെ വിശ്വസനീയതയ്ക്കു കൂടിയാണ് കളങ്കമേറ്റതെന്നും ലേഖനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it