Flash News

വീഡിയോ ഗെയിം നിര്‍മാണ രംഗത്ത് ചരിത്രനേട്ടവുമായി കാസര്‍കോട് സ്വദേശി



കാസര്‍കോട്: വീഡിയോ ഗെയിം നിര്‍മാണരംഗത്തെ അപൂര്‍വ നേട്ടവുമായി കാസര്‍കോട് സ്വദേശി. ജപ്പാനില്‍ വച്ചു നടന്ന അന്താരാഷ്ട്ര വീഡിയോ ഗെയിം ബിറ്റ് ഉച്ചകോടിയില്‍ 2017ലെ മികച്ച വീഡിയോ ഗെയിമായി തിരഞ്ഞെടുത്തത് കാസര്‍കോട് സ്വദേശിയായ സൈനുദ്ദീന്‍ ഫഹദിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച അസുരയെന്ന ഗെയിം. ഇന്ത്യന്‍ പുരാണകഥയെ ആസ്പദമാക്കി നിര്‍മിച്ച അസുര ഇപ്പോള്‍ നേട്ടങ്ങള്‍ കൊയ്തു മുന്നേറുകയാണ്. 2017ലെ ഗെയിമര്‍ വോയ്‌സ് അവാര്‍ഡ് നോമിനേഷന്‍, പാക്‌സ് ഈസ്റ്റ് ഒഫീഷ്യല്‍ ഇന്‍ഡി മെഗാ ബൂത്ത് സെലക്ഷന്‍ എന്നിവയും അസുരയെ തേടിയെത്തി. വീഡിയോ ഗെയിം ലോകത്ത് സൂപ്പര്‍ ഹിറ്റായ അസുര റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ 25,000 പേരാണ് പണം നല്‍കി ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.  ആധുനിക ഗെയിം അധികവും റൈസുകളില്‍ കേന്ദ്രീകൃതമാവുമ്പോള്‍ അത് കുഞ്ഞുമനസ്സുകളില്‍ തീര്‍ക്കുന്നത് പലതരം ആകുലതകളാണ്. അതില്‍ നിന്നു മാറി അവര്‍ക്ക് നന്മയും തിന്മയും തമ്മിലുള്ള വേര്‍തിരിവ് കാണിച്ചുകൊടുക്കാനാണ് പുരാണ കഥാപാത്രങ്ങളെ ഫഹദ് ഗെയിം നിര്‍മാണത്തിന് ഉപയോഗിച്ചത്. അസുര ഒരു കഥാപാത്രമാണെങ്കിലും ഗെയിമിന്റെ മാര്‍ക്കറ്റിങ്ങില്‍ ഈ പേര് ബ്രാന്റഡ് ആയി മാറുകയായിരുന്നു. ഇന്ത്യയിലെ ഐടി, സോഫ്റ്റ്‌വെയര്‍ ട്രേഡ് സംഘടനയായ നാസ്‌കോ(നാഷനല്‍ അസോസിയേഷന്‍ ഒാഫ് സോഫ്റ്റ്‌വെയര്‍ ആന്റ് സര്‍വീസസ് കമ്പനീസ്)മിന്റെ ഗെയിം ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ ഭാവി ഗെയിം ആയി അസുര തിരഞ്ഞെടുക്കുകയും റിലയന്‍സിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ റിലീസിന് മുമ്പേ ഇതിനെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്.   മുംബൈയില്‍ വ്യാപാരിയായ കാസര്‍കോട് ഫോര്‍ട്ട്‌റോഡിലെ ഫിറോസ് റോയലിന്റെയും ഫൗസിയയുടെയും മകനാണ് സൈനുദ്ദീന്‍ ഫഹദ്.
Next Story

RELATED STORIES

Share it