Idukki local

വീട് വയ്ക്കാന്‍ ഇനി സബ് കലക്ടറുടെ അനുമതി വേണ്ട

ഇടുക്കി: മൂന്നാര്‍ മേഖലയില്‍  സ്വന്തം— വീട് നിര്‍മിക്കാന്‍ അനുമതിക്കായുള്ള തടസം നീക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. വീട്‌വയ്ക്കാനുള്ള അനുമതിപത്രം നല്‍കാനുള്ള അധികാരം സബ്കലക്ടറില്‍നിന്ന് എടുത്തുമാറ്റി വില്ലേജ് ഓഫിസര്‍മാര്‍ക്ക് നല്‍കിക്കൊണ്ടാണ് റവന്യൂ വകുപ്പ്  199/2018 നമ്പര്‍ ഉത്തരവ് പുറത്തിറക്കിയത്.
മൂന്നാര്‍ മേഖലയിലെ ചിന്നക്കനാല്‍, കണ്ണന്‍ ദേവന്‍ ഹിത്സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി വില്ലേജുകളില്‍ സ്വന്തം ഗൃഹനിര്‍മാണ പ്രവൃത്തികള്‍ക്ക് അതാത് വില്ലേജ് ഓഫിസര്‍മാര്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം.  മൂന്നാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എ കൗശികന്‍ ജില്ലാ കളക്ടറായിരിക്കെ എട്ട് വില്ലേജുകളില്‍ വീട് വയ്ക്കുന്നതിന് സബ്കളക്ടറുടെ എന്‍.ഒ.സിവേണമെന്ന 9/06/2016ന് പുറത്തിറക്കിയ ഉത്തരവാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ റദ്ദ് ചെയ്തുകൊണ്ട് വില്ലേജ് ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കി പുതിയ ഉത്തരവിറക്കിയത്. ഏപ്രില്‍ 24ന് റവന്യൂ-വനം  മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് പുതിയ ഉത്തരവ് ഉണ്ടായതെന്ന് അഡ്വ. ജോയ്‌സ് ജോര്‍ഡ് എംപി പറഞ്ഞു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് സബ്കലക്ടറില്‍നിന്നും അനുമതി വാങ്ങാനുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അശാസ്ത്രീയമായ തീരുമാനം റദ്ദ് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലും സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ പഞ്ചായത്തുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള തടസവും മന്ത്രി എം എം മണി മുന്‍കൈയെടുത്ത് കഴിഞ്ഞയാഴ്ച പരിഹരിച്ചിരുന്നു. സ്വന്തം ഭൂമിയില്‍ കര്‍ഷകര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ വെട്ടുന്നതിനുള്ള അനുമതിയാണ് ഇനി കര്‍ഷകര്‍ക്കു വേണ്ടത്. ഇക്കാര്യത്തില്‍ തിരുമാനമായെങ്കിലും വനംവകുപ്പില്‍ നിന്ന് ഇത് ഉത്തരവായി ഇറങ്ങേണ്ടതുണ്ട്.
സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിന് എന്‍.ഒ.സി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന കെ.ഡി.എച്ച് വില്ലേജ്, ചിന്നക്കനാല്‍, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി വില്ലേജുകളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി മന്ത്രി എം.എം മണി, എസ്. രാജേന്ദ്രന്‍ എം.എല്‍എ, ഇ.എസ് ബിജിമോള്‍ എം.എല്‍.എ, സി.പിഐ(എം) ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ ശിവരാമന്‍ എന്നിവര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെയാണ് അതിവേഗം ഉത്തരവിറക്കാന്‍ കഴിഞ്ഞത്.
ഉപാധിരഹിത പട്ടയം യാഥാര്‍ത്ഥ്യമാക്കുകയും പത്ത് ചെയിനിലും പദ്ധതിപ്രദേശങ്ങളിലും പട്ടയം നല്‍കുകയും സി.എച്ച്.ആര്‍ റവന്യൂ ഭൂമിയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തത് മലയോര ജനതയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്.
Next Story

RELATED STORIES

Share it