Alappuzha local

വീട് നഷ്ടപ്പെട്ട എല്ലാ മല്‍സ്യത്തൊഴിലാളികള്‍ക്കും വീട് നല്‍കും: മന്ത്രി സുധാകരന്‍

ആലപ്പുഴ: സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം കണ്ടെത്തി വീട് നല്‍കുന്ന പദ്ധതി വേഗത്തിലാക്കാന്‍ കഴിഞ്ഞതായും കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ഭൂരഹിത-ഭവനരഹിത മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിപ്രകാരം അമ്പലപ്പുഴ മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ ഭൂരേഖ കൈമാറ്റവും ഭവന നിര്‍മാണത്തിനുള്ള ആദ്യ ഗഡു ചെക്ക് വിതരണവും പറവൂര്‍ ഇഎംഎസ്.കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിത-ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിവാങ്ങി വീട് നിര്‍മിക്കുന്ന പദ്ധതിപ്രകാരം സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും ഭവന നിര്‍മാണത്തിന് നാല് ലക്ഷം രൂപയും ആണ് അനുവദിച്ചത്.
ഈ സാമ്പത്തിക വര്‍ഷം മത്സ്യവകുപ്പ് വഴി 750 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയില്‍ കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് പല ക്യാംപുകളിലും വാടക വീടുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരാണ് പ്രധാന ഗുണഭോക്താക്കള്‍.
53 ഗുണഭോക്താക്കള്‍ക്ക്  സ്ഥലം വാങ്ങി വീട് നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ബാക്കിയുള്ള ഗുണഭോക്താക്കള്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികളിലാണ്. നിയമത്തില്‍ മാറ്റം വരുത്തി ഉപഭോക്താക്കള്‍ക്ക് സ്വയം സ്ഥലം കണ്ടെത്താനുള്ള അനുമതി നല്‍കിയതിലൂടെ നടപടികള്‍ വേഗത്തിലായതായി മന്ത്രി പറഞ്ഞു. തോട്ടപ്പള്ളി തുറമുഖത്തിന്റെ വികസനത്തിന് 60 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it