വീട് നഷ്ടപ്പെട്ടവരെ ക്യാംപുകളില്‍ നിന്ന് വാടക വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കും

കോഴിക്കോട്: കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തില്‍ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ക്യാംപുകളില്‍ നിന്നു ബുധനാഴ്ച വാടക വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. പഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കായി ഗവ. എല്‍പി സ്‌കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ട ന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൂന്നു ക്യാംപുകള്‍ ആരംഭിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. കരിഞ്ചോലമല അപകടത്തില്‍ തകര്‍ന്ന റോഡ് ചളിയും കല്ലും നീക്കി ക്വാറി വേസ്റ്റ് നിറച്ച് ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
ഉരുള്‍പൊട്ടലുണ്ടായ വിവിധ പ്രദേശങ്ങളില്‍ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമല, കേളന്‍മൂല, പൂവന്‍മല എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്ന നിലയിലുള്ള കൂറ്റന്‍ പാറകള്‍ എങ്ങനെ നീക്കാം, വീടുകള്‍ വാസയോഗ്യമാണോ തുടങ്ങിയ പരിശോധനകള്‍ക്കായാണ് സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ഉരുള്‍പൊട്ടലില്‍ ഇളകിവന്നതും ഇനിയും ഇളകാന്‍ സാധ്യതയുള്ള മുഴുവന്‍ പാറകളും പൊട്ടിച്ചു നീക്കണമെന്നാണ് ജിയോളജിസ്റ്റ് നിര്‍ദേശിച്ചതെന്നു താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് അറിയിച്ചു. അപകടഭീഷണിയുയര്‍ത്തുന്ന പാറകള്‍ പൊട്ടിച്ചുനീക്കുന്നത് പരിശോധിക്കാന്‍ ഇതുസംബന്ധിച്ച വിദഗ്ധനും സംഘത്തിലുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ ചളി വന്നുനിറഞ്ഞ വീടുകളില്‍ നിന്നു ചളി മാറ്റുന്നതിനും തകര്‍ന്ന വീടുകളില്‍ നിന്നു വീട്ടുപകരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള പ്രവൃത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ആരംഭിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
കോഴിക്കോട് മേഖല ജിയോളജി മേധാവി പി മോഹനന്‍, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിനെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സി തോമസ്, മദാരി ജുബൈരിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജുബീഷ് സംഘത്തിലുണ്ടായിരുന്നു.  കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന എട്ടേക്ര റോഡ് എന്‍ ഡി ആ ര്‍എഫ് സേനാവിഭാഗവും അഗ്നിശമന വിഭാഗവും നാട്ടുകാ രും ചേര്‍ന്നു ഗതാഗത യോഗ്യമാക്കി.
Next Story

RELATED STORIES

Share it