Pathanamthitta local

വീട് കേന്ദ്രീകരിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ആള്‍ പിടിയില്‍



ചെങ്ങന്നൂര്‍: പാചകവാതകവും പെട്രോളിയം ഉല്‍പ്പന്നങ്ങളും കരിഞ്ചന്തയില്‍ വില്‍പന നടത്തിയ ആളെ  പോലിസ് അറസ്റ്റു ചെയ്തു. മുളക്കുഴ അരീക്കര മൂലപ്ലാവിന്‍ ചുവടിന് സമീപം അതുല്യ ഭവനില്‍ എസ് അനിലിനെ(43)യാണ് ചെങ്ങന്നൂര്‍ സിഐ എം ദിലീപ്ഖാന്റെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇയാളുടെ വീട്ടില്‍ നിന്നും വ്യാവസായിക ഉപയോഗത്തിനുള്ള നാലും, ഗാര്‍ഹിക ഉപയോഗത്തിനുള്ള ആറും നിറച്ച സിലിണ്ടറുകള്‍ പോലിസ് കണ്ടെടുത്തു. 35 ലിറ്ററിന്റെ മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 105 ലിറ്റര്‍ ഡീസല്‍, കൂടാതെ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറച്ചു നല്‍കാനുള്ള ട്യൂബുകള്‍, വിവിധ കമ്പനികളുടെ 30 റഗുലേറ്ററുകള്‍, സിലണ്ടറിന്റെ വാല്‍വ് സീല്‍ എന്നിവ  വീടിന്റെ പിന്‍ഭാഗത്തുള്ള ഗോഡൗണില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വലിയ ഗ്യാസ് സിലണ്ടറുകളില്‍ നിന്നും കണക്ടര്‍ ഉപയോഗിച്ച് വാഹനങ്ങളിലേക്കും പാചകവാതക സിലണ്ടറുകളിലേക്കും ഗ്യാസ് നിറച്ചു കൊടുക്കാനുള്ള സൗകര്യവും വീടിന്റെ ഗോഡൗണില്‍ ഒരുക്കിയിരുന്നു. ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ വീടിന് ചുറ്റും ഉയരത്തില്‍ ഷീറ്റ് ഉപയോഗിച്ചു മറച്ച നിലയിലാണ്. അവശ്യവസ്തു സംരക്ഷണ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്‌ഐ എം സുധിലാല്‍, എഎസ്‌ഐ ചന്ദ്രബാബു, ഗ്രേഡ് എഎസ്‌ഐ മുരളി, ജൂനിയര്‍ എസ്‌ഐ ബിജു, സിപിഒമാരായ ബാലകൃഷ്ണന്‍, ബൈജു, ദിനേശ് ബാബു സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it