Kollam Local

വീട് കത്തിനശിച്ചു; തീ അണയ്ക്കാന്‍ എത്തിയ ഫയര്‍മാന് പരിക്ക്

കുണ്ടറ : വീടും ഷെഡും കത്തിനശിച്ചു. മുക്കട വിജയമന്ദിരത്തില്‍ സുമാലിനി ബാഹുലേയന്റ വീടും അതിനോട് ചേര്‍ന്നുള്ള അടുക്കള ഷെഡുമാണ് അഗ്‌നിക്കിരയായത്. രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഫയര്‍മാന്റെ കൈവിരലിനു സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു സംഭവം. കച്ചവട സ്ഥാപനങ്ങള്‍ക്ക് ഇടയിലുള്ള ഈ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട കച്ചവടക്കാരാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ ഓടിക്കൂടിയവര്‍ സമീപത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിലെ കുടിവെള്ള സംഭരണിയില്‍ നിന്നും ജലം കോരിയെറിഞ്ഞും സമീപത്തെതന്നെ മറ്റൊരു ഹോട്ടലിലെ വെള്ളം പൈപ്പ് വഴി എത്തിച്ചും തീ പടരാതെ നിയന്ത്രിച്ച് വിവരം കുണ്ടറ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ ശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടര്‍ന്നിരുന്നെങ്കില്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള വ്യാപാരസ്ഥാപനങ്ങള്‍ അഗ്‌നിക്കിരയാകുമായിരുന്നു.
ഈ ശ്രമത്തിനിടയിലാണ് ഫയര്‍മാന്‍ സുജിത് ബാബുവിന് അപകടം സംഭവിക്കുന്നത്. വലതുകൈയുടെ തള്ളവിരല്‍ മുക്കാല്‍ ഭാഗത്തോളം മുറിഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി വിരല്‍ തുന്നിച്ചേര്‍ത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംഭവ സമയം വീട്ടിലുള്ളവര്‍ പുറത്തായിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it