wayanad local

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന തകര്‍ത്തു; നാട്ടുകാര്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒയെ തടഞ്ഞു

മാനന്തവാടി: നാട്ടുകാര്‍ തുരത്തിയ കൊമ്പന്‍ കാടിറങ്ങി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് തകര്‍ത്തു. വീട്ടുടമയും മകനും ആനയുടെ മുന്നില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രകോപിതരായ നാട്ടുകാര്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒയെ തടഞ്ഞുവച്ചു. വന്യമൃഗശല്യത്തില്‍ നിന്ന് അതിജീവനം തേടുന്ന തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയെയാണ് കാട്ടുകൊമ്പന്‍ വിറപ്പിച്ചത്. തോല്‍പ്പെട്ടി ഹൈസ്‌കൂളിന് സമീപം താഴെ മിച്ചഭൂമിയില്‍ പാറക്കണ്ടി റഫീഖിന്റെ ജീപ്പാണ് ആന തകര്‍ത്തത്. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം.
റഫീഖ് മകനെ മദ്‌റസയില്‍ കൊണ്ടുവിടുന്നതിനായി വാഹനമെടുക്കാന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് മുന്നില്‍ ആനയെ കണ്ടത്. ഇവര്‍ രണ്ടുപേരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആന ജീപ്പിന്റെ മുന്‍വശം തകര്‍ത്ത് സമീപത്തെ തോട്ടത്തിലേക്ക് കയറുകയും ചെയ്തു. വിവരം ഉടന്‍ തന്നെ ബേഗൂര്‍, തോല്‍പ്പെട്ടി റേഞ്ച് ഓഫിസുകളില്‍ അറിയിച്ചു.
ആറരയോടെ ബേഗൂര്‍ റേഞ്ച് ഓഫിസര്‍ നജ്മല്‍ അമീം, ഡെപ്യൂട്ടി റേഞ്ചര്‍ വിനോദ് കുമാര്‍, തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ കെ ഗോപാലന്‍, ഡെപ്യൂട്ടി റേഞ്ചര്‍ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വനപാലക സംഘം സ്ഥലത്തെത്തിയപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തു വന്നു. റഫീഖിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും നോര്‍ത്ത് വയനാട് ഡിഎഫ്ഒ സ്ഥലത്തെത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പത്തോടെ സ്ഥലത്തെത്തിയ നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരിയെ പ്രദേശവാസികള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നു ഡിഎഫ്ഒ അറിയിച്ചു.
വിവരമറിഞ്ഞ് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പ്രദേശത്തിറങ്ങുന്ന ആനകളെ തുരത്താന്‍ പ്രദേശവാസികളായ രണ്ടു വനംവാച്ചര്‍മാരെ നിയോഗിക്കാനും 24 മണിക്കൂറും പ്രദേശത്ത് റോന്ത് ചൂറ്റുന്നതിനായി ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ നിന്നുള്ള 18 വാച്ചര്‍മാരെ നിയോഗിക്കാനും തീരുമാനമായി.
കാട്ടാന തകര്‍ത്ത റഫീഖിന്റെ ജീപ്പ് നന്നാക്കി നല്‍കുന്നതിനായി ബേഗൂര്‍ റേഞ്ച് ഓഫിസര്‍ നജ്മല്‍ അമീനെ ചുമതലപ്പെടുത്തി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാവുന്നതു കണക്കിലെടുത്ത് വനാതിര്‍ത്തിയിലുള്ള വൈദ്യുതി കമ്പിവേലിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നു വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി തോല്‍പ്പെട്ടി, അരണപ്പാറ പ്രദേശത്ത് മോഴയാനയുടെയും കൊമ്പനാനയുടെയും ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it