ernakulam local

വീട്ടുകാരെ പൂട്ടിയിട്ട് വേലക്കാരി ആഭരണം കവര്‍ന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന്



കളമശ്ശേരി: ചങ്ങമ്പുഴ നഗറില്‍ മകളെയും അമ്മയെയും മുറിയില്‍ പൂട്ടിയിട്ട ശേഷം വേലക്കാരി മുപ്പതുപവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്നതായ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് മകളേയും അമ്മയേയും മുറിയില്‍ പൂട്ടിയശേഷം സ്വര്‍ണാഭരണങ്ങളും ഇരുവരുടേയും മൊബൈല്‍ ഫോണുകളും കൊണ്ട് വീട്ടുജോലിക്കാരി കടന്നുകളഞ്ഞതായും ഗ്രൗണ്ടില്‍ കളിക്കാനെത്തിയ ആളുകള്‍ എത്തി വീട്ടമ്മയെ രക്ഷിച്ചതായാണ് പരാതി. എന്നാല്‍ പോലിസിന്റെ അന്വേഷണത്തില്‍ സ്ത്രീയുടെ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ വീട്ടമ്മയുടെ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തിയതായി സിഐ പറഞ്ഞു. സംഭവം സംബന്ധിച്ച് പോലിസ് പറയുന്നതിങ്ങനെ, മൂന്നുവര്‍ഷമായി പരാതിക്കാരിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു പതിനെട്ടുകാരിയായി യുവതി. ഈ കാലയളവില്‍ ശരിയായ രീതിയില്‍ ശമ്പളം നല്‍കാറില്ലെന്നും കുറ്റങ്ങള്‍ ആരോപിച്ച് യുവതിയെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതിയുടെ മുടി മുറിക്കാറുണ്ടായിരുന്നുവെന്നും പോലിസ് പറഞ്ഞു. വിവരം പോലിസില്‍ പറഞ്ഞാല്‍ കള്ളക്കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും വേലക്കാരി പോലിസില്‍ പറഞ്ഞു. മര്‍ദ്ദനവും മറ്റും തുടര്‍ക്കഥയായതിനെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് വീട്ടുടമ പോലിസില്‍ അറിയിക്കാതിരിക്കാന്‍ വേണ്ടി അമ്മയുടേയും മകളുടേയും മൊബൈല്‍ ഫോണുകള്‍ എടുത്ത് വീടുവിട്ടിറങ്ങിയത്. രക്ഷപ്പെട്ട യുവതി അലഞ്ഞുതിരിഞ്ഞ് ഞാറക്കലില്‍ ഒരു വീട്ടിലെത്തുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ അവശത കണ്ട വീട്ടുടമ ഞാറക്കല്‍ പോലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് യുവതിയെ കളമശ്ശേരി പോലിസില്‍ എത്തിക്കുകയുമായിരുന്നു. വേലക്കാരിയെ മര്‍ദ്ദിച്ചതിനും മുടിമുറിച്ചതിനുമെതിരേ കേസെടുക്കുമെന്ന് കളമശ്ശേരി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it