വീട്ടുകാരെ കെട്ടിയിട്ടു കവര്‍ച്ച: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: എറണാകുളത്തും തൃപ്പൂണിത്തുറയിലും വീട്ടുകാരെ ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കവര്‍ച്ചാ സംഘത്തിനു സഹായം നല്‍കിയെന്നു പോലിസ് സംശയിക്കുന്ന ആക്രിക്കച്ചവടക്കാരന്റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് ഇതര സംസ്ഥാനക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശ് സ്വദേശി ഷമീം (24) ആണു ബംഗളൂരുവില്‍ നിന്നു പിടിയിലായത്. എറണാകുളം നോര്‍ത്ത് എസ്‌ഐ വിബിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, ഇയാളെ ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ബംഗളൂരുവിലെ ചേരിപ്രദേശത്ത് ഒളിവിലായിരുന്നു ഇയാള്‍.
ഇതോടെ, കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഘത്തിലുണ്ടായിരുന്ന അര്‍ഷദ്, റോണി, ഹെഷ്ഷാദ് എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു പിടിയിലായിരുന്നു. ഇവരെയുമായി പള്ളുരുത്തി സിഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച എത്തും. കവര്‍ച്ചാ സംഘത്തിനു സഹായം നല്‍കിയെന്നു സംശയിക്കുന്ന ആക്രിക്കച്ചവടക്കാരന്‍ നൂര്‍ഖാന്റെ (നസീര്‍ഖാന്‍) സഹോദരന്‍ മുനീര്‍ഖാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇതര സംസ്ഥാനക്കാരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
കവര്‍ച്ചയുമായി മുനീര്‍ഖാനു നേരിട്ടു ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. എന്നാല്‍, മുന്‍കരുതല്‍ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ഏഴുപേരടങ്ങുന്ന പോലിസ് സംഘമാണ് പ്രതികളുമായി തീവണ്ടിയില്‍ യാത്ര തിരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ കൊച്ചിയിലെത്തും. പുതുവൈപ്പില്‍ ആക്രിക്കച്ചവടം നടത്തിവന്ന നൂര്‍ഖാനാണ് കവര്‍ച്ചാ സംഘത്തിനു സഹായം നല്‍കിയതെന്നാണ് പോലിസ് നിഗമനം. മാസങ്ങള്‍ക്കു മുമ്പാണ് നൂര്‍ഖാനും ഭാര്യയും മക്കളും ഇവിടെ താമസിക്കാനെത്തിയതെന്നു പരിസരവാസികള്‍ പോലിസിനു മൊഴി നല്‍കി.
Next Story

RELATED STORIES

Share it