malappuram local

വീട്ടില്‍ കയറി അക്രമിച്ച പ്രതികളെ പോലിസ് പിടികൂടുന്നില്ലെന്ന്

മലപ്പുറം: വീട്ടില്‍കയറി തന്നെയും ഭാര്യയെയും മക്കളെയും അതിക്രൂരമായി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച പരിക്കേല്‍പ്പിച്ച പ്രതികളെ പോലിസ് പിടികൂടുന്നില്ലെന്ന് അക്രമത്തിനിരയായ വളാഞ്ചേരി വെണ്ടല്ലൂര്‍ കാളിയത്ത് മരക്കാര്‍ എന്ന മാനു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ എട്ടിന് രാവിലെ എട്ടിന് തന്നെയും ഭാര്യയെയും മക്കളെയും സഹോദരന്റെ മക്കളെയും ജോലിക്കാരനെയും ഒരു സംഘം വരുന്ന ആയുധദാരികള്‍ അക്രമിക്കുകയായിരുന്നെന്ന് മരക്കാര്‍ പരാതിപ്പെട്ടു. ഇതു കാണിച്ച് വളാഞ്ചേരി പോലിസില്‍ പരാതി നല്‍കിയിട്ടും അവര്‍ക്കെതിരേ കേസെടുക്കുകയല്ലാതെ അക്രമികളെ പിടികൂടാന്‍ പോലിസ് ശ്രമിക്കുന്നില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന പിറ്റേ ദിവസമാണ് അക്രമമുണ്ടായത്. ഇരിമ്പിളിയം ഗ്രമപ്പഞ്ചായത്തിലെ പതിനാലാംവാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇത് മുസ്‌ലീം ലീഗിന്റെ സിറ്റിങ് സീറ്റാണ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ബന്ധുകൂടിയായതിനാല്‍ അദ്ദേഹത്തെ അനുകൂലിച്ചിരുന്നു. ഇതില്‍ അരിശം പൂണ്ടവരാണ് അക്രമത്തിനുപിന്നിലെന്നും മരക്കാര്‍ പറഞ്ഞു.
ലീഗ് പ്രദേശിക നേതാവ് തറക്കല്‍ അലവി ഹാജിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ലീഗ് അനുഭാവിയായ തന്നെയും കുടുംബത്തെയും ക്രൂരമായി അക്രമിച്ചതെന്നും അദ്ദേഹം പരാതിപ്പെട്ടു.
വീട്ടില്‍ കയറിയ അക്രമി സംഘം ഭാര്യയെ വലിച്ചിട്ടും വിദ്യാര്‍ഥികളായ മക്കളെയും ക്രൂരമായി മര്‍ധിക്കുകയുമായിരുന്നെന്നും മരക്കര്‍ പറഞ്ഞു. ബിസിനസുകാരായ ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും സജീവമായി ഇടപെടാറില്ലെന്നും രാഷ്രീയമായി പോലിസ് പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതെങ്കില്‍ തങ്ങള്‍ നീതി ലഭിക്കുന്നതുവരെ വളാഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് നിരഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ നഫീസ, മക്കളായ റംസല്‍, ഫറൂഖ്, സഹോദരന്‍ ഷമീര്‍, ജോലിക്കാരന്‍ ബഷീര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it