ernakulam local

വീട്ടില്‍ ആനക്കൊമ്പും മാന്‍കൊമ്പും ചന്ദനമുട്ടികളും സൂക്ഷിച്ച കേസ് : പ്രതി മനീഷ്‌കുമാര്‍ ഗുപ്ത പിടിയില്‍



കൊച്ചി: വീട്ടില്‍ ആനക്കൊമ്പും മാന്‍കൊമ്പും ചന്ദനമുട്ടികളും സൂക്ഷിച്ച കേസിലെ മുഖ്യപ്രതി കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ് കുമാര്‍ ഗുപ്ത (ബോബി ഗുപ്ത)യെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാക്കനാട് നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. രണ്ട് ആനകൊമ്പുകള്‍, മാന്‍കൊമ്പ്, അമ്പതോളം കുപ്പി വിദേശ മദ്യം എന്നിവയാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഫഌയിങ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്്. റെയിഡ് നടക്കുമ്പോള്‍ മനീഷ് വീട്ടില്‍ ഇല്ലായിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തതോടെ മനീഷ്‌കുമാര്‍ ഗുപ്്ത ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ മനീഷ്‌കുമാര്‍ പിടിയിലായത്. 2010ല്‍ ചെരിഞ്ഞ ആനയുടെ രണ്ടു കൊമ്പുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്നാണ് സൂചന. ആനകൊമ്പ് കൈവശം വയ്ക്കുന്നതിന് മനീഷ് ഗുപ്തയ്ക്ക് അനുമതിയൊന്നും ലഭിച്ചിട്ടില്ല. നാട്ടാനയുടേതായാലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമേ ആനക്കൊമ്പ് കൈവശം വയ്ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കൂ.മറയൂരില്‍ നിന്ന് എത്തിച്ചതാണ് ചന്ദനമുട്ടികള്‍. ഇതിന് അഞ്ചു കിലോയിലേറെ തൂക്കം വരും. പിടിച്ചെടുത്ത ആനകൊമ്പുകളും മാന്‍കൊമ്പും വനംവകുപ്പ് കുറുപ്പം പടി കോടതിയില്‍ ഹാജരാക്കിയിരുന്നു.
Next Story

RELATED STORIES

Share it