വീട്ടാനാവാത്ത കടത്തിന്റെ സാക്ഷ്യവുമായി കരളുറപ്പിന് നന്ദി പറയാന്‍ അവരെത്തി

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: അവയവദാനത്തിലൂടെ ജീവന്‍ തിരികെ ലഭിച്ചവര്‍ മകന്റെ ചരമദിനത്തില്‍ മാതാപിതാക്കളെ തേടിയെത്തി, പൊന്നോമനയുടെ കരള്‍ പകുത്തുനല്‍കിയ കരളുറപ്പിന് നന്ദി പറയാന്‍. കല്‍പ്പറ്റ സ്രാമ്പിക്കല്‍ ജോസിന്റെയും ലിസിയുടെയും മകന്‍ അകാലത്തില്‍ പൊലിഞ്ഞ അനില്‍ ജോസിന്റെ അവയവങ്ങളാല്‍ ജീവന്‍ തിരികെ ലഭിച്ചവരാണ് അനില്‍ ജോസിന്റെ ചരമദിനത്തില്‍ മാതാപിതാക്കളെയും തേടിയെത്തിയത്.
2014 നവംബര്‍ 20നാണ് കല്‍പ്പറ്റ വെയര്‍ഹൗസിനു സമീപം താമസിക്കുന്ന സ്രാമ്പിക്കല്‍ ജോസിന്റെയും സാലി ജോസിന്റെയും മകന്‍ അനില്‍ ജോസ് ഈ ലോകത്തോടു വിടപറഞ്ഞത്. കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതില്‍ ഒരാള്‍ അനില്‍ ജോസായിരുന്നു. 18 വയസ്സായിരുന്നു മരണപ്പെടുമ്പോഴുള്ള പ്രായം. മകന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സങ്കടത്തില്‍ നിന്നും ഈ കുടുംബം ഇനിയും മുക്തമായിട്ടില്ല. എന്നാല്‍, പൊന്നോമന പുത്രന്റെ മൃതശരീരത്തിനു മുന്നില്‍ മനസ്സ് മരവിച്ചിരിക്കുമ്പോള്‍ ഈ മാതാപിതാക്കള്‍ എടുത്ത ഒരു തീരുമാനം ജീവന്‍ തിരിച്ചുനല്‍കിയത് മൂന്നു പേര്‍ക്കാണ്. മലപ്പുറത്തെ മുഹമ്മദിന്റെയും കൊണ്ടോട്ടിയിലെ റീനയുടെയും ശരീരത്തില്‍ തുന്നിച്ചേര്‍ത്ത കിഡ്‌നികളും കൊല്ലത്തെ ജിത്തുവിന് ജീവന്‍ തരിച്ചുനല്‍കിയ കരളും ഇന്നും ആരൊക്കെയോ ലോകത്തെ കാണുന്ന കണ്ണുകളും അനിലിന്റെതാണ്. തങ്ങള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയ നല്ല മനസ്സിന് നന്ദി പറയാനാണ് മൂന്നു പേരും കിലോമീറ്ററുകള്‍ താണ്ടിയെത്തിയത്.
'അമ്മയുടെ കരള്‍ എനിക്ക് മാറ്റിവച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു ദിവസം കൂടി മാത്രമായിരുന്നു ഡോക്ടര്‍മാര്‍ പ്രവചിച്ച ആയുസ്സ്. മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോഴാണ് അനിലിന്റെ കരള്‍ നല്‍കാന്‍ മാതാപിതാക്കള്‍ സന്നദ്ധത അറിയിച്ചത്. ഇന്ന് മറ്റെല്ലാവരെയും പോലെ ഞാനും ജീവിക്കുന്നു- ബികോം വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ജിത്തു പറഞ്ഞു.
Next Story

RELATED STORIES

Share it