malappuram local

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ 24 വര്‍ഷത്തിന് ശേഷം ശിക്ഷാവിധി

മഞ്ചേരി: ക്ലാരി എടരിക്കോട് വാടക കോട്ടേഴ്‌സില്‍ താമസക്കാരിയായിരുന്ന കുന്നംകുളം പഴഞ്ഞി സ്വദേശി ഉണ്ണിയുടെ ഭാര്യ രമണി(32)യെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് തൂത്തുകുടി ചിദംബരനാര്‍ ജില്ല സാത്താന്‍കളം ആശീര്‍വാദപുരം സവേരിയാര്‍ പുരം  സേതു മരിയ നാടാര്‍ മകന്‍ മൈക്കിള്‍(49)നെയാണ് സംഭവം നടന്ന് 24 വര്‍ഷം തികയാനിരിക്കെ, മഞ്ചേരി ഒന്നാം സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതകുറ്റത്തിന് ജീവപര്യന്തം തടവും 7,000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിന തടവും 3,000 രൂപ പിഴയുമാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഏഴുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍മതി.1994 മാര്‍ച്ച് 29ന് ഉച്ചക്ക് 1.45 നാണ് കേസിനാസ്പദമായ സംഭവം. ക്ലാരിയിലെ വാടക ക്വേട്ടേഴ്‌സിലെ താമസക്കാരായിരുന്നു ഇരുവരടേയും കുടുംബങ്ങള്‍. ക്വേട്ടേഴ്‌സ് വളപ്പിലെ തെങ്ങില്‍ നിന്നുവീണ ഓലമടല്‍ എടത്തുത്തതിനെചൊല്ലി രമണിയും മൈക്കിളിന്റെ ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കേറ്റത്തിനിടെ രമണി മൈക്കിളിന്റെ ഭാര്യയെ അടിച്ചു. ഇതേചൊല്ലി രമണിയും അന്ന് 25 വയസ്സ് പ്രായമുണ്ടായിരുന്ന മൈക്കിളും തര്‍ക്കമുണ്ടായി. തുടര്‍ന്ന് പകല്‍ ഒന്നരയോടെ രമണിയുടെ വീടിന്റെ അടുക്കളവാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയ മൈക്കിള്‍ കിടപ്പുമുറിയില്‍വെച്ച് രമണിയെ വയറിനും നെഞ്ചിലും കുത്തി കൊലപ്പടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ വലച്ച കേസില്‍ രമണിയുടെ മകന്റെമൊഴിയാണ് നിര്‍ണായകമായത്. രമണിയുടെ നാലുവയസ്സുകാരന്‍ മകന്റെ മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിന്റെ ഏകദൃക്‌സാക്ഷിയായിരുന്നു കുട്ടി. 1994 മാര്‍ച്ച് 30ന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് 2017 ഏപ്രില്‍ നാലിനാണ് പ്രതിയെ കോട്ടക്കല്‍ പൊലീസ് വീണ്ടും പിടികൂടുന്നത്.  ഇതാണ് കേസിന്റെ വിചാരണ നീളാന്‍ കാരണം. കൊല്ലപ്പെട്ട രമണിയുടെ മകന്‍ ശ്രീകാന്ത്, അയല്‍വാസികളായ ഹലീമ, രമാദേവി എന്നിവരടക്കം 36 സാക്ഷികളാണുള്ളത്.
Next Story

RELATED STORIES

Share it