malappuram local

വീട്ടമ്മയെ കാണാതായി;ഒഴുക്കില്‍പ്പെട്ടെന്ന് സംശയം

എടക്കര: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കാണാതായി. സമീപത്തെ പുഴയില്‍ ഒഴുക്കില്‍പെട്ടുവെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തി. വഴിക്കടവ് പാലാട് കവളപൊയ്ക പുത്തന്‍പുരക്കല്‍ മാത്യു എന്ന പൊന്നച്ചന്റെ ഭാര്യ ഓമന(62) നെയാണ് ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ കാണാതായത്. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന് 250 മീറ്റര്‍ അകലത്തില്‍ ഒഴുകുന്ന കാരക്കോടന്‍ പുഴയുടെ കോസടി പാലത്തിന് സമീപം ഓമനയുടെ ചെരിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുഴയില്‍ അകപ്പെട്ടതാവാമെന്ന സംശയമുണ്ടായത്. രാവിലെ നിലമ്പൂരില്‍ നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റുകളും, വഴിക്കടവ് പോലിസും, റവന്യൂ അധികൃതരും ചേര്‍ന്ന് പഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയുടെ നാലരക്കിലോമീറ്റര്‍ ദൂരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വൈകീട്ട് നാലോടെയാണ് സംഘം തിരച്ചില്‍ അവസാനിപ്പിച്ചത്. പുഴയില്‍ വെള്ളം കുറവാണെങ്കിലും ശക്തമായ ഒഴുക്കാണുള്ളത്. പുഴയിലെ തിരച്ചിലില്‍ കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് സമീപ പ്രദേശത്തെ പന്ത്രണ്ട് കിണറുകളില്‍ അഗ്നിശമന സേനയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സംഘം തിരച്ചില്‍ നടത്തിയിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സയിലുള്ള ഓമന പുലര്‍ച്ചെ നാലിന് മരുന്ന് കഴിച്ച് കിടന്നതാണെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നീട് നാലരയോടെയാണ് ഇവര്‍ വീട്ടലില്ലെന്ന കാര്യം അറിയുന്നത്. കഴുത്തിലിണിഞ്ഞിരുന്ന മൂന്ന് പവന്റെ സ്വര്‍ണമാല അടുക്കളയുടെ സമീപം അഴിച്ചുവച്ച നിലയില്‍ കാണപ്പെട്ടു. തിരച്ചില്‍ നാളയും തുടരും. സ്റ്റേഷന്‍ ഓഫിസര്‍ ഇ എം അബ്ദുല്‍ ഗഫൂര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരായ ഒ കെ അശോകന്‍, സി ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഗ്നിശമന സേന തിരച്ചില്‍ നടത്തിയത്.



Next Story

RELATED STORIES

Share it