Flash News

വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ദലിത് കുടുംബം അടുക്കള പൊളിച്ചു



പേരാമ്പ്ര: ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കുരാച്ചുണ്ട് പൂവത്തുംചോല ലക്ഷംവീട് കോളനിയിലെ പാറക്കല്‍ രാജന്റെ ഭാര്യ കനകമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ അടുക്കള ഭാഗം പൊളിച്ചുമാറ്റി സംസ്‌കരിച്ചു. ആകെ രണ്ട് സെന്റ് സ്ഥലം മാത്രമേ കുടുംബത്തിനുള്ളൂ. പ്രദേശത്താണെങ്കില്‍ പൊതുശ്മശാനവുമില്ല. അതിനാലാണ് വീട് പൊളിച്ച് മൃതദേഹം സംസ്‌കരിക്കേണ്ടി വന്നത്. മലയോര പഞ്ചായത്തായ കൂരാച്ചുണ്ടില്‍ പൊതു ശ്മശാനമില്ല. മറ്റു സമുദായങ്ങള്‍ക്ക് സംസ്‌കാരത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ദലിത് വിഭാഗങ്ങള്‍ക്ക് സൗകര്യങ്ങളൊന്നുമില്ല. അടുക്കള പൊളിച്ചും വിറകുപുര പൊളിച്ചുമാണ് പൂവത്തുംചോല കോളനിയിലെ മിക്കവാറും കുടുംബങ്ങള്‍ മൃതദേഹങ്ങള്‍ സംസ്്കരിക്കുന്നത്്. ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് ഇവിടെ നാമമാത്രമായ ഭൂമിയില്‍ വീട് വച്ച്്് അസൗകര്യങ്ങള്‍ക്കുമേല്‍ കഴിഞ്ഞുവരുന്നത്.പൊതു ശ്മശാനത്തിനായി രണ്ടേക്കര്‍ സ്ഥലം സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കിയത് പഞ്ചായത്തിന്റെ കൈവശമുണ്ട്. 20 ലക്ഷം രൂപ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശ്മശാനത്തിനായി അനുവദിക്കുകയും ചെയ്തു. എന്നാല്‍, ബാലിശമായ കാരണങ്ങളുന്നയിച്ച് ശ്മശാനത്തിന്റെ പ്രവൃത്തി പഞ്ചായത്ത് നിര്‍ത്തിവയ്ക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ടിലധികമായി പൊതുശ്മശാനം എന്ന ആവശ്യം ഉന്നയിച്ച് ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ നടത്തിവരുകയാണ്. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. പരിസരവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത രീതിയില്‍ ആധുനിക സംവിധാനങ്ങളോടെ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന ശ്മശാനങ്ങള്‍ താമരശ്ശേരിയിലടക്കമുള്ള പല സ്ഥലങ്ങളിലും നിലവില്‍ വന്നുകഴിഞ്ഞു. എന്നാല്‍, കൂരാച്ചുണ്ട് പഞ്ചായത്ത് മാത്രം അനങ്ങാപ്പാറനയം തുടരുകയാണ്.
Next Story

RELATED STORIES

Share it