Kollam Local

വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

കൊട്ടാരക്കര: പുത്തൂര്‍ കുളക്കട ആറ്റുവാശ്ശേരിയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.  പൊയ്കയില്‍ മുക്ക് പാര്‍വ്വതി സദനത്തില്‍ ശിവദാസന്‍ ആചാരി(66)യാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് ശിവദാസന്‍ ആചാരിയുടെ ഭാര്യയായ  ലതിക(56)യെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ കുളിമുറിയില്‍ കാണപ്പെട്ട  മൃതദേഹത്തിന്റെ കാലുകളിലാണ് അധികവും പൊള്ളലേറ്റിരുന്നത്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന്  സംശയിച്ച പോലിസ് അന്നുതന്നെ ഭര്‍ത്താവ് ശിവദാസന്‍ ആചാരിയെ കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് പൊള്ളലേറ്റുള്ള മരണമല്ലെന്നും ശ്വാസം മുട്ടിയുള്ള മരണമാണെന്നും സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശിവദാസന്‍ ആചാരിയെ പോലിസ് വീണ്ടും കസ്റ്റഡിയിലെടുത്ത്  വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിയുന്നത്. 2012ല്‍ അപകടത്തില്‍ മരണപ്പെട്ട ഇവരുടെ മൂത്ത മകന്റെ ഇന്‍ഷുറന്‍സ് തുകയായ പത്ത് ലക്ഷത്തോളം രൂപ പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. ഇന്‍ഷുറന്‍സ് തുക പങ്കിട്ട് കിട്ടിയ തുക ശിവദാസന്‍ മദ്യപിച്ച് തീര്‍ക്കുകയും തുടര്‍ന്ന് ഭാര്യയുടെ വിഹിതംകൂടി പിടിച്ചു വാങ്ങുവാനും ശ്രമിച്ചിരുന്നു. സംഭവ ദിവസം രണ്ട് മണിയോട് കൂടി മദ്യപിച്ച് വീട്ടില്‍ എത്തിയ ശിവദാസന്‍ ആചാരി ലതികയോട്  ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ താന്‍ കുളിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അതിന് ശേഷം ഭക്ഷണം നല്‍കാമെന്നും ലതിക പറയുകയുണ്ടായി. പ്രകോപിതനായ  ശിവദാസന്‍  ഭാര്യയുമായി  തര്‍ക്കം ഉണ്ടാകുകയും കുളിമുറിയിലേക്ക് തള്ളി കയറി ലതികയെ മര്‍ദ്ദിച്ച് തറയിലിടുകയും കഴുത്ത് ഞരിച്ച്  കൊലപ്പെടുത്തുകയുമായിരുന്നു. അത്മഹത്യ ആണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ലതികയുടെ  വസ്ത്രങ്ങള്‍  ഉപയോഗിച്ച് ശരീരത്ത് തീ പടര്‍ത്തുകയും തുടര്‍ന്ന് പുറത്ത് നിന്നും കസേര ഉപയോഗിച്ച് വാതിലിന്റെ അകത്തുള്ള കൊളുത്ത് ഇടുകയുമായിരുന്നു. പിന്നീട് സമീപത്തുള്ള വീട്ടില്‍ നിന്നും ആയിരം രൂപ കടം വാങ്ങി ബാറില്‍ പോയി വീണ്ടും മദ്യം കഴിച്ചതിന് ശേഷം മാര്‍ക്കറ്റില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടില്‍ എത്തി. സംശയം തോന്നാതിരിക്കാന്‍ വേണ്ടി സമീപത്തുള്ള സ്ത്രീയെ വീട്ടില്‍ വിളിച്ച് വരുത്തി ഭാര്യ തീ പൊള്ളലേറ്റ് കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായി അറിയിച്ചു. പുത്തൂര്‍ പോലിസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോള്‍ മരണത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടതിനയച്ചു. റിപ്പോര്‍ട്ടില്‍ കൊലപാതകം ആണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതില്‍ ശിവദാസന്‍ ആചാരി കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലം റൂറല്‍ പോലിസ് മേധാവി ബി അശോകന്റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി ജെ ജേക്കബ് സിഐ ഒ എ സുനില്‍, പുത്തുര്‍ എസ്‌ഐ ജയകുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ എസ്‌ഐ ബിനോജ്, ആഷിര്‍ കോഹൂര്‍, ശിവശങ്കര പിള്ള, രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it