Alappuzha local

വീട്ടമ്മമാരെ കബളിപ്പിച്ചു സ്വര്‍ണം തട്ടുന്നു

ഹരിപ്പാട്: പഴയ പാത്രങ്ങള്‍ 'വെളുപ്പിച്ചു' നല്‍കാമെന്ന പേരില്‍ വീട്ടിലെത്തിയ ശേഷം വീട്ടമ്മമാരെ കബളിപ്പിച്ചു സ്വര്‍ണം തട്ടുന്ന സംഘം ജില്ലയുടെ തെക്കന്‍ മേഖലകളില്‍ വിലസുന്നു. ഇതര സംസ്ഥാനക്കാരാണു തട്ടിപ്പിനു പിന്നില്‍.
മലയോര ജില്ലകളിലെ നിരവധി വീട്ടമ്മമാര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മുംബൈയിലുളള ഒരു കമ്പനിയുടെ പരസ്യ പ്രചരണാര്‍ഥം എന്നു പറഞ്ഞാണ് ഇവര്‍ വീടുകളിലെത്തുന്നത്. പഴയ പാത്രങ്ങളോ വെള്ളി ആഭരണങ്ങളോ ഉണ്ടെങ്കില്‍ നിറം കൂട്ടി നല്‍കാമെന്ന് വീട്ടമ്മമാരോട് പറയും. കുങ്കുമ നിറത്തിലുളള ഒരു പൊടി വെള്ളത്തില്‍ കലക്കി ലായനിയാക്കിയ ശേഷം ഇതില്‍ മുക്കി നിറം കൂട്ടി തിരികെ നല്‍കും. വെളളം ചൂടാക്കാന്‍ ഒരു ഹീറ്ററുമായാണ് തട്ടിപ്പുകാരന്‍ എത്തുന്നത്.
പരസ്യ പ്രചരണാര്‍ഥം ഇതു സൗജന്യ സേവനമാണെന്നും പറയും. സ്വര്‍ണാഭരണങ്ങളും ഇപ്രകാരം ചെയ്യാമെന്ന് തുടര്‍ന്ന് പറയും. വീട്ടമ്മമാര്‍ ഇത് വിശ്വസിച്ച് ആഭരണങ്ങള്‍ നല്‍കും. ഹീറ്ററില്‍ വെള്ളം ചൂടാക്കി പൊടികലക്കി ലായനി ഉണ്ടാക്കും.
ഇത് സ്വര്‍ണം മുക്കി തിരികെ നല്‍കുമ്പോള്‍ കൂടുതല്‍ നിറമുണ്ടാവും. തൂക്കം കുറഞ്ഞ വിവരം പിന്നീടാണ് അറിയുക. അക്വാറീജിയ എന്ന ലായനിയിലാണു സ്വര്‍ണം അലിഞ്ഞു ചേരാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. തട്ടിപ്പു നടത്തിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ആഭരണങ്ങള്‍ മുക്കിയെടുത്ത ശേഷം വെള്ളം പാത്രത്തിലാക്കി കൊണ്ടുപോവുകയാണ്.
Next Story

RELATED STORIES

Share it