വീടെന്ന സ്വപ്‌നത്തിന് മാനം കണ്ടെത്തുന്നതിനിടെ അതുല്യക്ക് മീറ്റ് റെക്കോഡോടെ സ്വര്‍ണം

ടി പി ജലാല്‍

കോഴിക്കോട്: ഒളിംപ്യന്‍ രാമചന്ദ്രന് ശേഷം നാട്ടികയില്‍ നിന്നുള്ള അതുല്യ ഡിസ്‌കസ് ത്രോയില്‍ നിലവിലെ റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടി. സബ്ജുനിയര്‍ പെണ്‍കകുട്ടികളുടെ വിഭാഗത്തിലാണ് മീറ്റ് റെക്കോര്‍ഡോടെ അതുല്യ സ്വര്‍ണം നേടിയത്. 30.35 മീറ്റര്‍ കറക്കിയെറിഞ്ഞ അതുല്യയുടെ ദുരത്തിനുള്ളില്‍ നിലവിലെ റെക്കോഡായ 28.19 മീറ്ററാണ് ഞെരിഞ്ഞമര്‍ന്നത്. കഴിഞ്ഞ വര്‍ഷം എറണാംകുളം കാല്‍വരി മൗണ്ട് സി.എസ്.എച്ച്.എസ്.എസിലെ ആതിര മുരളിയുടെ പ്രകടനമാണ് റെക്കോഡ് പട്ടികയില്‍ നിന്നും താഴ്ന്നു വീണത്. തൃശൂര്‍ ജില്ലയിലെ നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് സ്‌കുളില്‍ നിന്നുള്ള 8-ാം ക്ലാസുകാരിയായ അതുല്യ പ്രാരാബ്തങ്ങള്‍ക്കിടയിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. എങ്കിലും വീടെന്ന സ്വപ്‌നം മാത്രം ബാക്കിയാവുമോയെന്ന ആശങ്കയും അതുല്യക്ക് കൂട്ടിനായുണ്ട്. കാരണം വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന അതുല്യയുടെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം പ്രായാധിക്യത്തിനിടയിലും സ്വകാര്യ സ്‌കുള്‍ ബസോടിച്ച ലഭിക്കുന്ന പിതാവ് അജയ് ഘോഷിന്റെ തുച്ചമായ വേതനമാണ്. ഇത് അറിഞ്ഞായിരിക്കണം വീട് നിര്‍മ്മാണത്തിനായി പ്രമുഖ വ്യവസായി എം എ യുസുഫലി എട്ട് ലക്ഷം രൂപ അനുവദിച്ചി്ട്ടുണ്ട്. എന്നാല്‍ സ്ഥലത്തിനായി പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി നാട്ടികയിലെ സ്‌പോര്‍ട്‌സ് അക്കാദമിയും നാട്ടുകാരും നടത്തുന്ന നെട്ടോട്ടത്തിനിടയിലാണ് ഈ നിര്‍ധന കുടുംബത്തില്‍ സുവര്‍ണ നേട്ടത്തിനൊപ്പം റെക്കോഡുമെത്തുന്നത്. സ്ഥലം വാങ്ങാനായി ഗ്രാമപ്പഞ്ചായത്ത് ഒരു ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. പുതിയ ചരിത്രം തിരുത്തിയതോടെ ബാക്കിയുള്ള തുക നാട്ടുകാര്‍ ഉടന്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എക സഹോദരന്‍ അമല്‍ ഘോഷ് തൃശൂര്‍ ജില്ലാ സ്‌കുള്‍ ടീമിന്റെ ഗോള്‍കീപ്പറാണ്. തനിക്ക് ലഭിച്ച സ്വര്‍ണവും റെക്കോര്‍ഡും കോച്ച് കണ്ണന് സമര്‍പ്പിച്ചിരിക്കുകയാണ് നാട്ടിക പരുവക്കല്‍ വീട്ടിലെ അതുല്യ. രതിയാണ് അമ്മ. ഡിസ്‌കസ് പിറ്റില്‍ തുടക്കത്തില്‍ കടുത്ത പോരാട്ടം കണ്ടെങ്കിലും പിന്നീട് അതുല്യ മുന്നിലെത്തുകയായിരുന്നു. മൂന്നാം ചാന്‍സില്‍ തന്നെ 29.70 മീറ്ററെറിഞ്ഞ് അതുല്യ നിലവിലെ റെക്കോഡ് തകര്‍ത്തിരുന്നു. 28.06 മീറ്റര്‍ എറിഞ്ഞ പറളി സ്‌കുളിലെ റാഹിലയാണ് വെള്ളി നേടിയത്.
Next Story

RELATED STORIES

Share it