വീടു നില്‍ക്കുന്ന സ്ഥലം അളന്നു റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇടപ്പള്ളി പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിയുടെ വീട് നില്‍ക്കുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്തി വില്ലേജ് ഓഫിസര്‍ റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. വായ്പാ കുടിശ്ശികയെ തുടര്‍ന്ന് ജപ്തി ചെയ്ത ഭൂമി ലേലത്തില്‍ പിടിച്ചിട്ടും വിട്ടുനല്‍കുന്നില്ലെന്ന് ആരോപിച്ച് ആലങ്ങാട് സ്വദേശി രതീഷ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
പ്രീത ഷാജിക്കും കുടുംബത്തിനും പകരം ഭൂമി നല്‍കാമെന്ന് ഹരജിക്കാരന്‍ വാഗ്ദാനം ചെയ്തിരുന്നു. 37.8 ലക്ഷം രൂപയ്ക്ക് കടബാധ്യത അവസാനിപ്പിക്കാന്‍ ബാങ്ക് തയ്യാറാവുന്ന സ്ഥിതിക്ക് ബാധ്യത തീര്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രീത ഷാജി സങ്കടഹരജിയും നല്‍കിയിട്ടുണ്ട്.
ഒരു സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ കിടപ്പാടം ജാമ്യമായി നല്‍കിയതാണ് ഹരജിക്കാരി. തിരിച്ചടവ് മുടങ്ങിയതോടെ കടം 2.5 കോടിക്ക് മുകളിലായി. തുടര്‍ന്നാണ് എറണാകുളം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുത്ത് ലേലം ചെയ്തത്. എന്നാല്‍, ഈ ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ പ്രീത ഷാജിയും കുടുംബവും തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് രതീഷ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it