ernakulam local

വീടുപണിയുടെ മറവില്‍ ഭൂമാഫിയ പാടം നികത്തുന്നു



പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് മുണ്ടോര്‍ പാടവും നികന്നു തുടങ്ങി. തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ ഭൂമാഫിയയാണ് മണ്ണിട്ട് നി—കത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭ മൂന്നാം വാര്‍ഡിലെ പാടശേഖരങ്ങളാണ് വീടുപണിയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായി പരാതിയുയരുന്നത്. അഞ്ച് സെന്റ് ഭൂമി വീടുപണിക്കെന്ന പേരില്‍ നികത്താനാണ് അനുമതി വാങ്ങുന്നത്. തുടര്‍ന്ന് ഇതിന്റെ മറവില്‍ ഏക്കര്‍ കണക്കിന് നിലം നികത്തുന്ന രീതിയാണുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രിയുടെ മറവില്‍ നികത്തല്‍ വ്യാപകമാണെന്നും ഇതിനു തടസം നിന്നാല്‍ നിലവില്‍ താമസിക്കുന്നവരുടെ കെട്ടിടങ്ങള്‍ പൊളിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായി പറയുന്നു. പ്ലോട്ടുകളാക്കി തിരിച്ച് ഭൂമാഫിയകള്‍ക്ക് വില്‍ക്കാനാണ് നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ പേരില്‍ ഏക്കര്‍ കണക്കിന് കൃഷി ഭൂമിയാണുള്ളത്. കപ്പ, വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികളുള്ള നിലങ്ങളാണ് മിക്കതും.   പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന തോടാണ് പ്രദേശത്തുള്ള കുടിവെള്ള സ്രോതസ്. കര്‍ഷകരും ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിച്ച് വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏക്കര്‍ കണക്കിന് വിസ്തൃതിയുണ്ടായിരുന്ന പാടശേഖരം മണ്ണിട്ട് നികത്തി പ്ലൈവുഡ് കമ്പനികളുള്‍പ്പെടെ പണി കഴിപ്പിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഭൂമാഫിയ മനക്കകുടി റോഡിന് സമീപത്തും വള്ളിക്കാട്ട് കാവിനടുത്തെ മുണ്ടോപ്പാടത്തിന്റെ കുറെ ഭാഗവും മണ്ണിട്ട് നികത്തിയത്. ഇതേ തുടര്‍ന്ന് ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. തുടര്‍ന്ന് നെല്‍ കൃഷി ഇല്ലാതാവുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തിറങ്ങി നികത്തല്‍ തടയുകയുമായിരുന്നു. റവന്യൂ വിഭാഗങ്ങള്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്ന് നികത്തല്‍ അവസാനിച്ചത്. അതിനു ശേഷമാണ് വീണ്ടും നികത്തല്‍ സജീവമായിരിക്കുന്നത്. പാടം നികത്തല്‍ വീണ്ടും ആരംഭിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. ഇതിനെതിരെ അധികാരികള്‍ക്ക് വീണ്ടും പരാതി നല്‍കാനും പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it