kozhikode local

വീടുനിര്‍മിക്കാന്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവനുവദിക്കണമെന്ന്

കോഴിക്കോട്: തണ്ണീര്‍ത്തട നിയമ പ്രകാരം കരട് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതികളായ ലൈഫ്, പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് പ്രത്യേക അനുമതിയിലൂടെ നിര്‍മാണ അനുമതി ലഭ്യമാക്കണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രാദേശിക നിരീക്ഷണ സമിതികള്‍ക്ക് ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച വി ടി സത്യന്‍ ചൂണ്ടിക്കാട്ടി.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട അഞ്ച് സെന്റ് വരെയുള്ള സ്ഥലത്ത് വീട് നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. ഡീസല്‍ വില വര്‍ധന കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ്സിലെ ഉഷാദേവി ടീച്ചറുടെ അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചു. ബസ്സുകളുടെ അമിത വേഗത സംബന്ധിച്ച് ജില്ലാ കലക്ടറുമായും ഗതാഗത മന്ത്രിയുമായും സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മല്‍സര ഓട്ടവും കാരണം രോഗികളും സാധാരണക്കാരും ഏറെ പ്രയാസമനുഭവിക്കുകയാണെന്ന എം എം പത്മാവതിയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മേയര്‍. കയറാനും ഇറങ്ങാനും പോലും അവസരം കൊടുക്കുന്നില്ലെന്ന് പത്മാവതി പറഞ്ഞു.
കേരളം മുഴുക്കെയുള്ള പ്രവണതയാണ് ഇതെന്നും നിരവധി അപകടങ്ങള്‍ ഇത് മൂലം ഉണ്ടാകുന്നുവെന്നും മേയര്‍ ചൂണ്ടിക്കാട്ടി.കോട്ടുമ്മല്‍ ജിയുപി സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. വാടക കെട്ടിടത്തിന്റെ  വാടക കിട്ടുന്നില്ലെന്ന് ഉടമയും നല്‍കിയിട്ടും സ്വീകരിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും പറയുകയാണെന്ന് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെടണമെന്ന് കാണിച്ച് അഡ്വ. കെ ടി സീനത്ത് ആണ് ശ്രദ്ധ ക്ഷണിച്ചത്. മണല്‍ വാരല്‍ നിരോധനം കാരണം മണല്‍ ലഭ്യമാകാത്തതും കരിഞ്ചന്തയും സംബന്ധിച്ച് സതീഷ് കുമാര്‍ -ബിജെപി -വ്യക്തമാക്കി. ചാലിയാര്‍, കടലുണ്ടി, കുറ്റിയാടി പുഴകളിലെ മണല്‍ വാരല്‍ നിരോധനം ജൂണ്‍ 6 വരെയാണെന്നും പഠനം നടത്തി പുതിയ ഉത്തരവുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ തന്നെ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
പൈപ്പ് ലൈന്‍ പൂര്‍ത്തിയായിട്ടും ജപ്പാന്‍ കുടിവെള്ളം വിതരണം നടത്താത്തതിനെ കുറിച്ച് അഡ്വ. ശരണ്യയും വയോജന ക്ലബ്ബിനെ കുറിച്ച് കെ നജ്മ സംസാരിച്ചു.ഞെളിയന്‍ പറമ്പിലെ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് കരാര്‍ രണ്ട് വര്‍ഷത്തേക്കോ പുതിയ പ്ലാന്റ് വരുന്നതു വരെയോ പുതുക്കി നല്‍കാന്‍ തീരുമീനിച്ചു.ഡല്‍ഹി ആസ്ഥാനമായുള്ള ഐഎല്‍ ആന്റ് എഫ്എസ് കമ്പനിക്കാണ് കരാര്‍.അവിടെ മാലിന്യ സംസ്‌കരണം ഒന്നും നടക്കുന്നില്ലെന്ന് ലീഗിലെ എം കുഞ്ഞാമുട്ടി പറഞ്ഞു. എന്നാല്‍ ഇനി അനുവദിക്കുന്ന ആദ്യത്തെ പ്ലാന്റ് ഞെളിയന്‍ പറമ്പില്‍ അനുവദിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് മേയര്‍ വ്യക്തമാക്കി. ഒന്നേമുക്കാല്‍ കോടി രൂപയുടെ പ്ലാന്റിന് കരാര്‍ ഒപ്പിടാന്‍ പോവുകയാണെന്ന് ആരോഗ്യ സമിതി അധ്യക്ഷന്‍ കെ വി ബാബുരാജ് അറിയിച്ചു.
എകെജി മേല്‍പ്പാലത്തിനടിയില്‍ കാര്‍ പാര്‍ക്കിങ് സ്ഥലമായി പ്രഖ്യാപിച്ച് ടോള്‍ പിരിക്കുന്നതിന് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അനുമതി നല്‍കാനും തീരുമാനമായി. ചെറുവണ്ണൂര്‍ മേഖലാ ഓഫിസില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്താന്‍ കഴിയും വേഗം നടപടിയെടുക്കുമെന്നും മേയര്‍ എം കുഞ്ഞാമുട്ടിയുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
Next Story

RELATED STORIES

Share it