kannur local

വീടുകള്‍ തകര്‍ന്നു; മലയോരം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

ഇരിട്ടി: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുഴക്കുന്ന് പഞ്ചായത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. വൈദ്യുതിബന്ധവും താറുമാറായി. വിളക്കോട്  കുഞ്ഞിപ്പറമ്പത്ത് കെ പി ഷനോജിന്റെ വീടും ചാക്കാട് കുഞ്ഞിപ്പറമ്പത്ത് നാണുവിന്റെ വീടുമാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ ഷിനോജിന്റെ ഒറ്റനില വീടിന്റെ മേല്‍ക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പറന്നുപോയി.
ശക്തമായ കാറ്റടിക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ അയല്‍വീട്ടിലേക്ക് മാറിയതിനാല്‍ അപകടമൊഴിവായി. ചാക്കാട് നാണുവിന്റെ വീടിന്റെ മുകളില്‍ മരം കടപുഴകി.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തകര്‍ന്ന വീട്ടിനുള്ളില്‍നിന്ന് കുടുംബാംഗങ്ങളെ രക്ഷിച്ചത്. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മേഖലയിലെ പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞു. അയ്യങ്കുന്ന് പഞ്ചായത്തിന്റെയും ഉളിക്കല്‍ പഞ്ചായത്തിന്റെയും മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലുമായി.
ചെറുപുഴ: മലയോരത്ത് കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റും മൂന്നാം ദിവസവും തുടരുന്നു. തെങ്ങ് പൊട്ടിവീണ് തിരുമേനി കോക്കടവ് അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇന്നലെ രാവിലെയാണ് സംഭവം. അവധിയായതിനാല്‍ കുട്ടികളും ജീവനക്കാരും ഉണ്ടായിരുന്നില്ല. തിരുമേനി, പ്രാപ്പൊയില്‍, മരുതുംപാടി, ചട്ടിവയല്‍ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി.
ചട്ടിവയലിലെ കുളങ്ങര രമാദേവിയുടെ വീടിനു പിന്നിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണ് ഭിത്തിക്ക് വിള്ളലുണ്ടായി. സിപിഎം പുക്കല്‍ ബ്രാഞ്ച് ഓഫിസ് മരം വീണ് തകര്‍ന്നു. പേരൂല്‍ കിഴക്കേ കരയിലെ അഞ്ചില്ലത്ത് നബീസയുടെ വീടിന്റെ മേല്‍ക്കൂര മരം വീണ് തകര്‍ന്നു. ചിലക്, പുക്കല്‍ പ്രദേശങ്ങളില്‍ മരം വീണ് വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു.
നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. കക്കറ ചേപ്പാത്തോടിലെ അഴകത്ത് സജയന്റെ പശുത്തൊഴുത്ത് മരം വീണ് തകര്‍ന്നു.
മരുതുംപടിയിലെ പുത്തന്‍തറയില്‍ ശാരദയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. പേപ്പതിയില്‍ സുബിന്‍ സുരേന്ദ്രന്റെ വീടിന് മുകളില്‍ കവുങ്ങ് പൊട്ടിവീണു. പാടിക്കൊച്ചിയിലെ  മുട്ടുങ്കല്‍ സന്തോഷിന്റെ വീടിനു മുകളില്‍ കവുങ്ങ് പതിച്ചു. പുഴകളും തോടുകളും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ മലയോരം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Next Story

RELATED STORIES

Share it