kannur local

വീടുകളുടെ നഷ്ടം രണ്ടുദിവസത്തിനകം കണക്കാക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ തകര്‍ന്ന വീടുകളുടെ നഷ്ടം രണ്ടുദിവസത്തിനകം കണക്കാക്കി വില്ലേജ് ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപന ഓവര്‍സിയര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന ദുരന്തനിവാരണ സമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 30 വീടുകള്‍ പൂര്‍ണമായും 1269 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. ഇവയ്ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കാനാണ് മുന്‍തൂക്കം നല്‍കേണ്ടത്. വൈദ്യുതി വിതരണ സംവിധാനത്തില്‍ ഇതുവരെയില്ലാത്ത നാശനഷ്ടങ്ങളാണ് ഇക്കൊല്ലം ഉണ്ടായത്. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തകരാറുകള്‍ പരിഹരിച്ചെതെന്ന് യോഗം വിലയിരുത്തി. സര്‍വീസില്‍ വിരമിച്ച ആളുകളെ കൂടി ഉപയോഗപ്പെടുത്തിയാണ് തകരാറുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടത്. പ്രശ്‌നം രൂക്ഷമായ സ്ഥലങ്ങളിലേക്ക് മറ്റിടങ്ങളില്‍ നിന്ന് ജീവനക്കാരെ വിന്യസിച്ചു. രാപ്പകല്‍ ഭേദമില്ലാതെയുള്ള ഇവരുടെ പരിശ്രമം മൂലം 90 ശതമാനത്തിലേറെ തകരാറുകളും പരിഹരിക്കാനായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാക്കിയുള്ള സ്ഥലങ്ങളില്‍ രണ്ടുദിവസത്തിനകം പരിഹരിക്കും. ജനങ്ങളില്‍ നിന്ന് പൊതുവെ നല്ല സഹകരണമാണ് ലഭിക്കുന്നതെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ജീവനക്കാരുടെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിലുള്ള സമ്മര്‍ദങ്ങളും ഉണ്ടാവുന്നുണ്ട്. അടിയന്തര സാഹചര്യം മനസ്സിലാക്കി ജീവനക്കാരോട് പരമാവധി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it