thrissur local

വീടുകളുടെ ചുവരുകളില്‍ അടയാളങ്ങളും സ്റ്റിക്കറുകളും പതിക്കുന്നത് ആസൂത്രിതമെന്ന്

തൃശൂര്‍: വീടുകളിലെ ചുമരുകളിലും ജനല്‍ചില്ലുകളിലും പ്രത്യേക അടയാളങ്ങളും സ്റ്റിക്കറുകളും പതിക്കുന്നത് ആസൂത്രിത നീക്കമെന്ന് സംശയം. സിസിടിവി കാമറയ്ക്ക് വിപണി കണ്ടെത്താനുള്ള നീക്കമാണോയെന്ന വാദവും സജീവം. സംസ്ഥാനത്തുടനീളം വീടുകളുടെ മതിലുകളില്‍ പ്രത്യേക അടയാളങ്ങളും സ്റ്റിക്കറുകളും പതിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ് വ്യാപകമായത്. കവര്‍ച്ചാ സംഘങ്ങളും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളുമാണ് ഇത്തരം നീക്കത്തിനു പിന്നിലെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. എന്നാല്‍ ജനങ്ങളെ ഭീതിയിലാഴ്ത്താനുള്ള ബോധപൂര്‍വ നീക്കമാണെന്ന സംശയമാണ് ഇതു സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ളത്. ജനങ്ങളില്‍ ആശങ്ക പരത്തുന്ന പ്രചാരണം നടത്തരുതെന്ന് വ്യക്തമാക്കി കൊണ്ട് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിനിടയില്‍ ഗ്ലാസുകളില്‍ കാണുന്ന കറുത്ത സ്റ്റിക്കറുകള്‍ ഗ്ലാസ് കമ്പനിക്കാര്‍ ഒട്ടിക്കുന്നതാണെന്നും വാദവും ഉയരുന്നുണ്ട്. എന്നാല്‍ പുതുതായി സ്ഥാപിച്ച ഗ്ലാസുകളിലല്ല ഇത്തരം സ്റ്റിക്കറുകള്‍ കാണപ്പെടുന്നത്. മാത്രമല്ല ഗ്ലാസ് സ്ഥാപിക്കുമ്പോള്‍ സ്വഭാവികമായും കമ്പനിക്കാര്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ നീക്കം ചെയ്യുകയാണ് പതിവ്. കവര്‍ച്ചാ സംഘമാണ് കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതെന്ന വാദവും അര്‍ഥശൂന്യമാണ്. രാത്രിയില്‍ കറുത്ത സ്റ്റിക്കര്‍ കണ്ട് വീട് തിരിച്ചറിയുന്നതിലെ പ്രായോഗികതയും സംശയത്തിനിട നല്‍കുന്നു. ജനങ്ങളില്‍ ഭീതി പരത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായ സംശയം ഇതോടെ ബലപ്പെടുകയാണ്. സിസിടിവി കാമറകള്‍ വിറ്റുപോകുന്നതിനുള്ള തന്ത്രമാണോ ഇത്തരം നീക്കമെന്ന വാദവും ഉയരുന്നുണ്ട്. ജനങ്ങളില്‍ സുരക്ഷാ ഭീതി ഉയര്‍ത്തി സിസിടിവി കാമറയ്ക്ക് വിപണി ഒരുക്കുന്നതിനുള്ള തന്ത്രമാണോ ഇതെന്ന അന്വേഷണം സ്‌പെഷല്‍ ബ്രാഞ്ച് നടത്തി വരുന്നുണ്ട്.
Next Story

RELATED STORIES

Share it