kannur local

വീടുകളുടെ ആഡംബര നികുതി നിര്‍ണയം സാധാരണക്കാര്‍ക്ക് തിരിച്ചടി

ഇരിക്കൂര്‍: കോടതി വിധി പ്രകാരം വീടുകളുടെ ആഡംബര നികുതി നര്‍ബന്ധമാക്കിയതോടെ സാധാരണക്കാരന് ഭാരിച്ച ബാധ്യതയും സമ്പന്നര്‍ക്ക് ആശ്വാസമാവുകയും ചെയ്യുന്നതായി ആക്ഷേപം.
1999 ഏപ്രില്‍ ഒന്നിനു മുമ്പ് പണിത എല്ലാ വീടുകളേയും ആഡംബര നികുതിയില്‍ നിന്നു ഒഴിവാക്കിയിരുന്നെങ്കിലും അടുത്ത കാലത്തുണ്ടായ കോടതി വിധി പ്രകാരം വീണ്ടും നികുതി നടപ്പാക്കിയിരിക്കുകയാണ്. 1974 മുതല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നികുതി ചുമത്തുകയും അടച്ചുവരികയും ചെയ്യുന്ന എല്ലാ വീടുകള്‍ക്കും ഇപ്പോള്‍ ആഡംബര നികുതി പ്രാബല്യത്തിലായിരിക്കയാണ്.
100 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണമുള്ളവര്‍ 1500 രൂപയും 150 ചതുരശ്ര മീറ്റര്‍ മുതല്‍ 200 വരെയുള്ളവര്‍ 3000 രൂപയും ഇതിനു മുകളിലുള്ളവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരവും നികുതി ഒടുക്കണം.
എന്നാല്‍ 3000 ചതുരശ്ര അടി (278.7ചതുരശ്ര മീറ്റര്‍)ക്ക് മുകളിലുഉള്ളവര്‍ ഓരോ വര്‍ഷവും 4000 രൂപ പ്രകാരം അടക്കണം. നിലവില്‍ മേല്‍ തുക അടച്ചവര്‍ 2000രൂപ പലിശയും നല്‍കണം. മൂന്ന് വര്‍ഷമായി ഇതാണ് അവസ്ഥ.
സാധാരണക്കാരുടെ വീടുകളില്‍ പലതും പെണ്‍മക്കളുടെ വിവാഹാവശ്യാര്‍ഥമോ മറ്റു വിധത്തിലോ പലപ്പോഴായി മുറികള്‍ കൂട്ടി എടുത്തവയാണ്. ഇവയും ഇപ്പോഴത്തെ ചട്ട പ്രകാരം ആഡംബര നികുതിയില്‍ പെടുന്നുണ്ട്. എന്നാല്‍ വന്‍ തുക മുടക്കി ആധുനിക സൗകര്യങ്ങളോടെ സെന്‍ട്രല്‍ എയര്‍ കണ്ടീഷനടക്കം സ്ഥാപിച്ച വീടുകള്‍ക്കും കൊട്ടാര സമാന വീടുകള്‍ക്കും ഒരേ തുക നികുതി ചുമത്തിയത് അനീതിയാണെന്നാണ് വ്യാപകമായി പരാതിയുയര്‍ന്നിട്ടുള്ളത്. നികുതി ചുമത്താനായി എന്‍ജിനീയര്‍മാരും തദ്ദേശ സ്ഥാപനാധികാരികളും ചുമരിന്റെ അളവെടുത്ത് തിട്ടപ്പെടുത്തുന്നുണ്ട്.
എന്നാല്‍ റവന്യൂ ജീവനക്കാര്‍ മൊത്തം തറയുടെ വിസ്തീര്‍ണമെടുക്കുമ്പോള്‍ വളരെയധികം കൂടുകയും ചെറിയ വീടുകള്‍ പോലും ആഡംബര നികുതിയുടെ പരിധിയില്‍ വരികയും ചെയ്യുന്നുണ്ട്. അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള വീട്ടുകാര്‍ പോലും നികുതി അടക്കേണ്ടി വരികയാണ്.
റവന്യൂ ജീവനക്കാരെ ഉപയോഗിച്ച് നിലവിലുള്ള വീടുകളുടെ സൗകര്യങ്ങളും ആഡംബര നിലയും വിലയിരുത്തി പ്രത്യേകം സ്റ്റേജുകളാക്കി നികുതി വര്‍ധിപ്പിക്കുകയും സാധാരണക്കാരെ ഒഴിവാക്കുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിലുള്ള സമ്പ്രദായം റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്കും ഭാരമാവുകയാണ്.
Next Story

RELATED STORIES

Share it