ernakulam local

വീടുകയറി ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്, നാട്ടുകാര്‍ക്കും മര്‍ദനം

പള്ളുരുത്തി: ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. പള്ളുരുത്തി എരേകാട് വീട്ടില്‍ മജീദിന്റെ വീടിനു നേരെയാണ് അക്രമണം ഉണ്ടായത്. സംഭവത്തില്‍ മജീദിനും ഭാര്യ സബിത, മകനും വിദ്യാര്‍ഥിയുമായ മുനീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പള്ളുരുത്തി കമ്പത്തോടത്ത് വീട്ടില്‍ നിവിന്‍(26)നെപോലിസ് അറസ്റ്റ് ചെയ്തു. പത്തോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് മജീദിന്റെ വീട്ടിലേക്ക് എത്തിയ അയല്‍വാസികളായ നൗഷാദ്, മണ്‍സൂര്‍, മുനീര്‍ എന്നിവര്‍ക്കും സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ കമ്പിവടി കൊണ്ടുള്ള അടിയേറ്റ മജീദിന്റെ കാലിനും അക്രമിസംഘം വീടിന്റെ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ മജീദിന്റെ ഭാര്യ സബിതയുടെ കൈക്കും പരിക്കേറ്റു. വീടിന്റെ ജനല്‍ചില്ലുകളും ഗേറ്റും സംഘം തല്ലി തകര്‍ത്തു. മജീദിന്റെ മകനും അയല്‍വാസിയും ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവേ അക്രമിസംഘത്തില്‍പ്പെട്ട യുവാവിനോട് വണ്ടി ഹെഡ്‌ലൈറ്റ് ഇടാതെ ഓടിച്ചു വന്നതിനെ ചോദ്യം ചെയ്തതാണ് അക്രമണത്തില്‍ കലാശിച്ചത്. വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് ഇവര്‍ വീട്ടിലേക്ക് പോന്നെങ്കിലും പുറകെ തന്നെ സംഘം വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിനു ശേഷം പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. പള്ളുരുത്തി വിളക്കുംപാടം എന്ന പ്രദേശം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ച നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിലേക്ക് വിളക്കുംപാടത്തെ സംഘം കയറുകയും ജോലിക്കാരെ ചുറ്റിക കൊണ്ട് മുതുകില്‍ ഇടിക്കുകയും ചെയ്തതായി പോലിസിന് പരാതി ലഭിച്ചിരുന്നെങ്കിലും പള്ളുരുത്തിയിലെ ഒരു ഗുണ്ടാ നേതാവ് ഇടപെട്ട് പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. ഏറെ നാളുകളായി ശാന്തമായിരുന്ന പള്ളുരുത്തി പ്രദേശം ഇത്തരം ഗുണ്ടാ സംഘങ്ങളുടെ ആക്രമപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
Next Story

RELATED STORIES

Share it