Flash News

വീടും കൃഷിയും തകര്‍ത്ത കാട്ടാന കിണറ്റില്‍ വീണുചരിഞ്ഞു

ചെറുതോണി: വീടും കൃഷിയും തകര്‍ത്ത കാട്ടാനക്കൂട്ടത്തിലെ ആറു വയസ്സുള്ള പിടിയാന കിണറ്റില്‍ തലകീഴായി വീണു ചരിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 15ാം വാര്‍ഡ് കൈതപ്പാറ ഗ്രാമത്തില്‍ ശനിയാഴ്ച അര്‍ധരാത്രിയാണു സംഭവം. സമീപത്തെ വനത്തില്‍ നിന്ന് ജനവാസ കേന്ദ്രത്തില്‍ എത്തിയ ആനക്കൂട്ടം കുളമ്പേല്‍ ജോസഫിന്റെ വീട് ഭാഗികമായും പശുത്തൊഴുത്ത് പൂര്‍ണമായും തകര്‍ത്തു.
ജോസഫും ഭാര്യയും എറണാകുളത്ത് ബന്ധുവീട്ടില്‍ പോയതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കൊക്കോ, കപ്പ തുടങ്ങിയ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കുളമ്പേല്‍ മാത്യു, കുളമ്പേല്‍ ജോസ്, ഉറുമ്പില്‍ ബൈജു എന്നിവരുടെയും കൃഷികള്‍ ആനക്കൂട്ടം നശിപ്പിച്ചു. കുളമ്പേല്‍ മാത്യുവിന്റെ 15 അടി ആഴമുള്ള കിണറ്റില്‍ തലകീഴായി വീണ പിടിയാന ചരിയുകയായിരുന്നു. പുലര്‍ച്ചെ നാട്ടുകാരാണ് ആന കിണറ്റില്‍ വീണ് ചത്തു കിടക്കുന്നതു കണ്ടത്. വനംവകുപ്പ് തൊടുപുഴ റേഞ്ചിന്റെ കീഴിലുള്ള വനപ്രദേശത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 110 ഏക്കര്‍ പ്രദേശമാണു കൈതപ്പാറ ഗ്രാമം. അരനൂറ്റാണ്ട് മുമ്പ് 68 കര്‍ഷക കുടുംബങ്ങളാണു കൈതപ്പാറയില്‍ കുടിതാമസം ആരംഭിച്ചത്. കാട്ടാനകള്‍ കൃഷിഭൂമിയില്‍ മുമ്പ് എത്തിയിരുന്നെങ്കിലും വന്‍ നാശനഷ്ടം വരുത്തുകയോ, വീട് നശിപ്പിക്കുകയോ ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യമായിട്ടാണ് കാട്ടാന വീട് നശിപ്പിച്ചത്.
ഇടുക്കി മണിയാറംകുടി വനത്തിലൂടെ 12 കിലോമീറ്റര്‍ കൂപ്പ് റോഡും തൊടുപുഴ വേളൂര്‍ കൂപ്പ് വഴിയുമാണ് കൈതപ്പാറയിലേക്കുള്ള ഗതാഗതമാര്‍ഗം. മഴയും കാറ്റും ശക്തപ്പെട്ടതിനാല്‍ ഗ്രാമം ഒറ്റപ്പെട്ട വസ്ഥയിലാണ്. ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി ആനയെ കിണറ്റില്‍ നിന്ന് എടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്‌കരിക്കാനുള്ള നടപടി സ്വീകരിച്ചു.
Next Story

RELATED STORIES

Share it