വീടില്ലാത്തവര്‍ ഇന്ത്യന്‍ യൂനിയന്റെ ഭാഗമല്ലേയെന്ന് സുപ്രിംകോടതി

വീടില്ലാത്തവര്‍ ഇന്ത്യന്‍ യൂനിയന്റെ ഭാഗമല്ലേയെന്ന് സുപ്രിംകോടതി
X


ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്കു ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിച്ചടുക്കി സുപ്രിംകോടതി. സ്ഥിരം മേല്‍വിലാസമില്ലാത്ത ഭവനരഹിതരായ ലക്ഷക്കണക്കിന് പാവപ്പെട്ടവരുള്ള രാജ്യത്ത് എങ്ങനെയാണ് ആധാര്‍ വഴി ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാവുകയെന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി ആരാഞ്ഞു.
സ്ഥിരം മേല്‍വിലാസം പോലുമില്ലാത്ത പാവപ്പെട്ടവര്‍ക്ക് എങ്ങനെയാണ് ആധാര്‍ ലഭ്യമാക്കുകയെന്നും കോടതി ചോദിച്ചു. 2011ലെ ഔദ്യോഗിക ജനസംഖ്യാ കണക്കനുസരിച്ച് രാജ്യത്ത് 17.7 ലക്ഷം ജനങ്ങള്‍ ഭവനരഹിതരാണ്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം വരും. ഇതിനര്‍ഥം വീടില്ലാത്തവര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമല്ലെന്നാണോ എന്നും ജസ്റ്റിസ് മദന്‍ ബി ലോകുറിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയിലെ സാമൂഹികനീതി ബെഞ്ച് ആരാഞ്ഞു.
ഭവനരഹിതരായവര്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങുന്നതിന് വേണ്ടത്ര അഭയകേന്ദ്രങ്ങളില്ല എന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ വാദഗതികളെ രൂക്ഷമായി വിമര്‍ശിച്ചത്.
ഉത്തരേന്ത്യയില്‍ കൊടുംതണുപ്പില്‍ വീടില്ലാത്തവര്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങുന്നതിന് അഭയകേന്ദ്രങ്ങളില്ലെന്ന ഹരജിയില്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതി സമന്‍സയച്ചു.
വീടോ സ്ഥിരം മേല്‍വിലാസമോ ഇല്ലാത്ത പാവങ്ങള്‍ക്ക് എങ്ങനെയാണ് ആധാര്‍ നമ്പര്‍ ലഭ്യമാക്കുകയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന നിയമോദ്യോഗസ്ഥരില്‍ ഒരാളായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വ്യക്തമായ മറുപടി നല്‍കിയില്ല.
ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായ ദീന്‍ദയാല്‍ അന്ത്യോദയ യോജന കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it