Kottayam Local

വീടിനു സമീപം കക്കൂസ് നിര്‍മാണം; കോടതി ഉത്തരവു ലംഘിച്ച വനിതാ പ്രിന്‍സിപ്പലിന് മൂന്നു മാസം തടവ്

ഈരാറ്റുപേട്ട: അയല്‍വാസിയുടെ വീടിനു സമീപം കക്കൂസ് നിര്‍മാണം നടത്തുന്നതു നിര്‍ത്തിവയ്ക്കണമെന്ന കോടതി ഉത്തരവു ലംഘിച്ച് നിര്‍മാണം നടത്തിയ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന് മൂന്നു മാസം തടവ് വിധിച്ച് കോടതി ഉത്തരവായി.
പൂഞ്ഞാര്‍ പനച്ചികപ്പാറ ടി ജി രമണിയെയാണു കോടതി ശിക്ഷിച്ചത്. അയല്‍വാസിയായ പുരയിടത്തില്‍ ബി നന്ദഗോപന്‍ ഒഎസ് 192/12 ാം നമ്പരായി ഫയല്‍ ചെയ്ത കേസിലാണ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി ശിക്ഷ വിധിച്ചത്.
നന്ദഗോപന്റെ പുരയിടത്തില്‍ നിന്ന് എട്ട് അടി അകലത്തില്‍ രമണി മൂന്നു വര്‍ഷം മുമ്പാണ് കക്കൂസ് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട കോടതിയില്‍ ഹരജി ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് 2012 സപ്തംബര്‍ 26ന് നിര്‍മാണം മുന്‍സിഫ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ കക്കൂസ് നിര്‍മാണം പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ കക്കൂസ് പൊളിച്ചു നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം വാദി തന്നെ കക്കൂസ് പൊളിച്ചു നീക്കാനും ഉത്തരവായി. അതിലേയ്ക്ക് വേണ്ടിവരുന്ന ചിലവ് പ്രതിയുടെ സ്വത്തു വകകളില്‍ നിന്ന് ഈടാക്കിയെടുക്കാനും, വസ്തുക്കള്‍ ഒരു വര്‍ഷത്തേയ്ക്ക് ജപ്തി ചെയ്യാനും കോടതി ഉത്തരവിട്ടു.
വാദിയുടെ സമാധാന പരമായ ജീവിതത്തിനു പ്രതിയുടെ ഭാഗത്തു നിന്ന് യാതൊരുവിധ ശല്യവും ഉണ്ടാവരുതെന്നും ഗ്രാമപ്പഞ്ചയാത്തിന്റെ അനുമതിയോടെ മാത്രമേ മറ്റേതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും വിധിന്യായത്തില്‍ പറഞ്ഞ കോടതി തിടര്‍ന്ന് പ്രതിയെ മൂന്നു മാസം സിവില്‍ ജയിലില്‍ പാര്‍പ്പിക്കാനും ഈരാറ്റുപേട്ട മുന്‍സിഫ് ജി ഹരീഷ് ഉത്തരവായി. വാദിക്കു വേണ്ടി അഡ്വ. സെബാസ്റ്റ്യന്‍ ജോസ് ഹാജരായി.
Next Story

RELATED STORIES

Share it