Kottayam Local

വീടിനു നേരെ ആക്രമണം ; എസ്എഫ്‌ഐ ജില്ലാ നേതാവടക്കം 20 പേര്‍ക്കെതിരേ കേസ്‌



കോട്ടയം: കുമ്മനത്ത് വീടിന്റെ ഗേറ്റിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സംഘര്‍വും വീടാക്രമണവും. എസ്എഫ്‌ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് വീടാക്രമണം നടന്നതെന്നാണ് പരാതി. മൂന്നു തവണയായി സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഗൃഹോപകരണങ്ങളും വാഹനങ്ങളും അടിച്ചു തകര്‍ത്തു. പോലിസിന്റെ കണ്‍മുന്നില്‍ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം രക്ഷപ്പെട്ടു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു, സമീപവാസികളായ മണിക്കുട്ടന്‍, വിഷ്ണു എന്നിവരടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കോട്ടയം വെസ്റ്റ് പോലിസ് കേസെടുത്തു. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട വഞ്ചിയത്ത് പി കെ സുകുവിന്റെ വീടാണ് അടിച്ചു തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രി 10ഓടെയാണു സംഭവങ്ങളുടെ തുടക്കം. ഗേറ്റിനു മുന്നില്‍ ഏറെ നേരമായി നിര്‍ത്തിയിട്ട വാഹനം മാറ്റിയിടണമെന്ന് സുകുവിന്റെ മരുമകനും സൗത്ത് ഇന്ത്യന്‍ ബാങ്ക് അസി. മാനേജരുമായ സുജിന്‍ കാറിലുള്ളവരോട് ആവശ്യപ്പെട്ടു. റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇതു നിരസിച്ചതോടെ വാക്കേറ്റവും ഉന്തുംതള്ളുമായി. പിരിഞ്ഞുപോയ സംഘം കൂടുതല്‍ ആളുകളുമായെത്തി ആക്രമിക്കുകയായിരുന്നു. സുജിന്റെ സ്വിഫിറ്റ് കാറിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ചും കാര്‍ കേടുവരുത്തി. സുകുവിന്റെ സ്‌കൂട്ടര്‍, മകന്‍ സുബിന്റെ ബുള്ളറ്റ്, സുകുവിന്റെ സഹോദരന്‍ രഘുവിന്റെ സ്‌കൂട്ടര്‍ ബന്ധു തിരുവാതുക്കല്‍ വടുതലപറമ്പില്‍ മുകേഷിന്റെ ബൈക്ക് എന്നിവയും തകര്‍ത്ത ശേഷം സംഘം മടങ്ങി. തിരികെയെത്തി വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും കല്ലെറിഞ്ഞ് ഉടച്ചു.സ്വീകരണ മുറിയിലെ ടീപ്പോയുടെ ഗ്ലാസും കസേരയും തല്ലിപ്പൊട്ടിച്ചു. ഇതിനിടെ വീട്ടുകാര്‍ പോലിസിനെ വിവരം അറിയിച്ചു. രക്ഷപ്പെട്ട സംഘം 10.15ഓടെ പോലിസ് വന്നതറിഞ്ഞ് ബൈക്കിലെത്തി അമിട്ടിനു തീകൊളുത്തി വീടിനു നേരെ എറിഞ്ഞെങ്കിലും മാറിവീണു പൊട്ടി. രക്ഷപ്പെട്ട അക്രമികളെ ജീപ്പില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് സുകുവിന്റെ പരാതിയില്‍ പറയുന്നു. വെസ്റ്റ് എസ്‌ഐ എം ജെ അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Next Story

RELATED STORIES

Share it