Idukki local

വീടിനുസമീപം വാറ്റുചാരായം വച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നു പരാതി

നെടുങ്കണ്ടം: വീടിന്റെ പരിസരത്ത് വാറ്റ് ചാരായം വച്ചശേഷം അബ്കാരി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായി പരാതി. ചേമ്പളം ഇല്ലിപ്പാലം കൊച്ചുപറമ്പില്‍ ജുബി സെബാസ്റ്റ്യനാണ് ഇത് സംബന്ധിച്ച് നെടുങ്കണ്ടം പോലീസിലും ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയത്. ഇന്നലെ രാവിലെ ജുബിയും കുടുംബാംഗങ്ങളും പള്ളിയില്‍ നിന്നും തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളഭാഗത്ത് നിന്നിരുന്ന കടലാസ് ചെടി ഒടിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. ഇവിടെനിന്നും അരലിറ്ററിന്റെ മൂന്ന് കുപ്പി ചാരായവും വീടിന് മുന്‍വശത്തായി ചെടികള്‍ക്കിടയില്‍ നിന്നും അരക്കുപ്പി ചാരായവുമാണ് കണ്ടെത്തിയത്. ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ചാരായകുപ്പികള്‍. ചേമ്പളം മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘട്ടനങ്ങളുടെ ഭാഗമായി തന്നെയും സഹോദരങ്ങളെയും ചാരായക്കേസില്‍ കുടുക്കുന്നതിന് ചിലര്‍ മനപ്പൂര്‍വ്വം നടത്തിയ ശ്രമമാണ് ഇതെന്നും ഞായറാഴ്ച രാത്രി രണ്ടുമണിയോട് അടുത്ത് പ്രദേശത്ത് സംശയാസ്പദമായി ബൈക്കില്‍ രണ്ടുപേര്‍ എത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നതായും ജുബി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം സംബന്ധിച്ച് നെടുങ്കണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it