വി കെ സിങിന്റെ ദലിത്‌വിരുദ്ധ പരാമര്‍ശം: യുപി ഡിജിപിയെ വിളിപ്പിച്ചു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളെ സവര്‍ണര്‍ ചുട്ടുകൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി വി കെ സിങ് വിവാദപ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ യുപി ഡിജിപിയെയും ഗാസിയാബാദ് സീനിയര്‍ പോലിസ് സൂപ്രണ്ടിനെയും വിളിപ്പിച്ചു. ചിലര്‍ നായയെ കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രസര്‍ക്കാരാണോ ഉത്തരവാദി എന്നായിരുന്നു സിങിന്റെ വിവാദ ചോദ്യം.
കേസില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഡിജിപിയോടും എസ്പിയോടും പട്ടികജാതി കമ്മീഷന്‍ ആവശ്യപ്പെട്ടു. നവംബര്‍ മൂന്നിനാണ് ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാവേണ്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമോ എന്തെങ്കിലും നടപടി ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് പോലിസില്‍ നിന്ന് റിപോര്‍ട്ട് തേടുമെന്നു പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ പറഞ്ഞു. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ ഹരിയാന സര്‍ക്കാരിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
അതേസമയം, ദലിതുകളെ അവഹേളിക്കുന്ന പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രി വി കെ സിങിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഹരിയാനയില്‍ ദലിതുകളെ ചുട്ടുകൊന്നതിനെ നായ്ക്കള്‍ക്കു നേരെയുള്ള കല്ലേറായി താരതമ്യം ചെയ്ത സിങിന്റെ നടപടിയെ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അപലപിച്ചു.
സിങ് ഇതിനു മുമ്പും ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രിയായി തുടരാന്‍ അദ്ദേഹം യോഗ്യനല്ല. പ്രധാനമന്ത്രി സിങിനെ ഉടന്‍ പുറത്താക്കണം. പട്ടികജാതി /വര്‍ഗ അതിക്രമ നിരോധന നിയമമനുസരിച്ച് മന്ത്രിക്കെതിരേ കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ദലിതുകളെ ചുട്ടുകൊന്ന കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിങിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് സിപിഐഎംഎല്ലിന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it