വി കെ ശശികലയ്‌ക്കെതിരെയുള്ള തന്റെ ധര്‍മയുദ്ധത്തിലെ ആദ്യജയം : പന്നീര്‍സെല്‍വം



ചെന്നൈ: വി കെ ശശികലയ്‌ക്കെതിരെയുള്ള തന്റെ യുദ്ധത്തിലെ ആദ്യ വിജയമാണ് ടി ടി വി ദിനകരനെതിരായ മന്ത്രിമാരുടെ കലാപമെന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ വിമതനേതാവുമായ ഒ പന്നീര്‍സെല്‍വം. അണ്ണാ ഡിഎംകെ ശശികലയുടെ കുടുംബക്കാരുടെ കൈകളില്‍ എത്താതിരിക്കാന്‍ എംഎല്‍എമാരും എംപിമാരുമടക്കമുള്ളവരുടെ സഹായത്തോടെയാണു താന്‍ ധര്‍മയുദ്ധം തുടങ്ങിയത്. ശശികലയെയും ദിനകരനെയും അവരുടെ കുടുംബത്തെയും അണ്ണാ ഡിഎംകെയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള മന്ത്രിമാരുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സ്ഥാപകന്‍ എം ജി രാമചന്ദ്രനും (എംജിആര്‍) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയും പാര്‍ട്ടിയെ ജനകീയ പ്രസ്ഥാനമാക്കിയാണ് വളര്‍ത്തിയത്. ജയലളിതയുടെ മരണശേഷം ശശികലയുടെ കുടുംബത്തിന്റെ കൈകളിലേക്ക് പാര്‍ട്ടി എത്തി. ഇതു തടയാനാണു തങ്ങള്‍ ധര്‍മയുദ്ധം ആരംഭിച്ചത്. മന്ത്രിമാരുടെ കലാപം ആ യുദ്ധത്തിന്റെ ആദ്യ വിജയമാണ്. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിലാഷപ്രകാരമുള്ള യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it