Flash News

വി കെ ശശികലയുടെ ബന്ധുവീടുകളില്‍ റെയ്ഡ്



ചെന്നൈ: എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്. ശശികലയുടെ മരുമകനും എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ടി ടി വി ദിനകരന്റെ പുതുച്ചേരിയിലുള്ള ഫാംഹൗസിലും ജയ ടിവിയുടെ ചെന്നൈയിലെ ഓഫിസിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ആരംഭിച്ച ജയ ടിവി ഇപ്പോള്‍ ശശികല അനുകൂലികളുടെ നിയന്ത്രണത്തിലാണ്. വ്യാജ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെയും ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലുമുള്ള 180ലധികം കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം എന്നിവരുമായി പാര്‍ട്ടിയുടെ നിയന്ത്രണം സംബന്ധിച്ച് ടിടിവി ദിനകരന്റെ തര്‍ക്കം തുടരുന്നതിനിടെയാണ് റെയ്ഡ്.  ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലുള്ള വീട്ടിലും ശശികലയുടെ സഹോദരന്‍ ദിവാകരന്റെ വീട്ടിലും മിഡാസ് ഡിസ്റ്റിലറീസ്, ജാസ് സിനിമാസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന നടന്നു. അതേസമയം, തന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്ന് ടി ടി വി ദിനകരന്‍ പറഞ്ഞു. എന്നാല്‍, പുതുച്ചേരി ആരോവില്ലെയിലെ തന്റെ ഫാം ഹൗസില്‍ തിരച്ചില്‍ നടന്നതായി അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it