thiruvananthapuram local

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സംഘത്തിലെ പ്രധാനി അറസ്റ്റില്‍

കഠിനംകുളം: വിദേശരാജ്യങ്ങളില്‍ വിസവാഗ്ദാനം നല്‍കി കോടികള്‍ തട്ടിപ്പു നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മാടന്‍വിള പാട്ടുവിളാകം വീട്ടില്‍ സുല്‍ഫീക്കറിനെ(39) ആണ് പെരുമാതുറ പോലിസ് അറസ്റ്റ് ചെയ്തത്.
സൗത്ത് ആഫ്രിക്ക, ദുബായ്, സൗദി അറേബ്യ, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു വിസ വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപ തട്ടിപ്പു നടത്തിയെന്നാണു പാരാതി.
സുല്‍ഫിക്കറും സുഹൃത്തും ചേര്‍ന്നു തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ വാങ്ങിയ ശേഷം മുംബൈ, ന്യുഡല്‍ഹി എന്നിവിടങ്ങളില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും, വിസിറ്റിങ് വിസയിലും മറ്റും വിദേശരാജ്യങ്ങളില്‍ കൊണ്ടുപോയി കബളിപ്പിച്ചു വരുകയായിരുന്നു. 2015 ആഗസ്തില്‍ സൗത്ത് ആഫ്രിക്കയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കൊട്ടാരക്കര കുളക്കട അരുണ്‍ ഭവനില്‍ അരുണിന്റെ പക്കല്‍ നിന്നും അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട് ഇയാളെ മുംബൈയിലും, ഡല്‍ഹിയിലും കൊണ്ടുപോയി മൂന്നു മാസത്തോളം താമസിപ്പിച്ചു.
അതിനുശേഷം നാട്ടിലേയ്ക്കു കയറ്റി വിടുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പിനെക്കുറിച്ച് മനസിലാക്കിയ ഇയാള്‍ കഠിനംകുളം പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു വന്‍തട്ടിപ്പിന്റെ രഹസ്യം പുറത്തായത്. തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ പോലിസ് അന്വേഷിച്ച് വരവേ രഹസ്യമായി ഇയാള്‍ മാടന്‍വിളയിലുള്ള കുടുംബവീട്ടില്‍ വരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലിസ് ഇയാളെ മാടന്‍വിള സ്‌കൂളിന്റെ സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍, കടയ്ക്കാവൂര്‍ സിഐ മുകേഷ്, കഠിനംകുളം എസ്‌ഐ രാജീവ്, എഎസ്‌ഐ ഷറഫുദ്ദീന്‍, എഎസ്‌ഐ സാജിത്, സിപിഒ രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it