kozhikode local

വിസ തട്ടിപ്പ്; ബാലുശ്ശേരി സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍

കോഴിക്കോട്: വിദേശജോലിക്കായി വിസ വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി വാഴമാര്‍മലയില്‍ ഷിജു(30)വിനെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. അഴീക്കോട് സ്വദേശി തേജസിന്റെ പരാതിയിലാണ് നടപടി.
മലേഷ്യയില്‍ ജോലിവിസ വാഗ്്ദാനം ചെയ്ത് തേജസില്‍നിന്നും കൂട്ടുകാരില്‍ നിന്നുമായി അഞ്ചുലക്ഷത്തോളം രൂപ കൈക്കലാക്കിയിരുന്നു. ആദ്യം പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കുന്ന ഷിജു പിന്നീട് വിസ സ്റ്റാമ്പിങ്, പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍, മെഡിക്കല്‍ ചെക്കപ്പ് എന്നീ ആവശ്യങ്ങള്‍ പറഞ്ഞ് 10,000 മുതല്‍ അരലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍നിന്ന് വാങ്ങുന്നത്.
ഇയാള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ശരിയായ മേല്‍വിലാസത്തിലുള്ള ആധാര്‍, ഐഡന്റിറ്റി കാര്‍ഡുകളുടെ ഫോട്ടോ, മൊബൈല്‍ ഫോണിലൂടെ അയച്ചുകൊടുക്കുന്നതിനാല്‍ ആര്‍ക്കും തന്നെ സംശയം തോന്നിയില്ല. എന്നാല്‍ വാഗ്ദാനം ചെയ്ത സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി പണം നല്‍കിയവര്‍ക്ക് ബോധ്യമായത്.
പിന്നീട് ഷിജുവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തേജസും കൂട്ടുകാരും പരാതിയുമായി പോലിസിനെ സമീപിച്ചു. ബുധനാഴ്ച വൈകീട്ട് സമാന തട്ടിപ്പിനായി ഷിജു കണ്ണൂരില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ വിവരത്തെ തുടര്‍ന്ന് പോലിസ് പരാതിക്കാരെയും കൂട്ടി നഗരത്തില്‍ വലവിരിച്ചു. കാല്‍ടെക്‌സിലെത്തിയ പ്രതി മറ്റൊരാളെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. വ്യത്യസ്ത മേല്‍വിലാസങ്ങളിലായി സമ്പാദിച്ച 10 പാസ്‌പോര്‍ട്ടുകള്‍ ഷിജുവിന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍ കൈയിലുണ്ടായിരുന്ന ബാഗില്‍ വസ്ത്രങ്ങളല്ലാതെ പണമോ മറ്റ് രേഖകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അവിവാഹിതനായ ഷിജു ഇതുവരെ വിദേശരാജ്യങ്ങള്‍ കണ്ടിട്ടുപോലുമില്ലെന്ന് പോലിസ് പറഞ്ഞു.  ബാലുശ്ശേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരേ തട്ടിപ്പ് കേസ് നിലവിലുണ്ട്.
Next Story

RELATED STORIES

Share it